ഇന്ത്യയുടെ രാഷ്ട്രപതി : പ്രണബ് കുമാര്‍‌ മൂഖര്‍ജി ** ഉപരാഷ്ട്രപതി : മുഹമ്മദ് ഹമീദ് അന്‍സാരി ** സുപ്രീം കോടതി ചീഫ് ജസ്‌റ്റിസ് : ജസ്റ്റിസ് പി സദാശിവം ** കേരള ഹൈക്കോടതി ചീഫ് ജസ്റ്റീസ് : മഞ്ജുള ചെല്ലൂര്‍ ** കേരള ഗവര്‍ണര്‍ : നിഖിൽ കുമാർ ** കേരള സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ : ശ്രീമതി. കെ സി റോസക്കുട്ടി ** ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ : മം‌മ്ത ശര്‍മ്മ ** ലോകസഭാസ്പീകര്‍ : മീരാകുമാര്‍ ** ലോകസഭാ ഡെപ്യൂട്ടി സ്പീക്കര്‍ : കരിയമുണ്ട ** കേരള നിയമസഭാ സ്പീക്കര്‍ : ജി.കാര്‍ത്തികേയന്‍ ** കേരള നിയമസഭയിലെ ഡെപ്യൂട്ടി സ്പീക്കര്‍ : എന്‍‌ .ശകതന്‍ ** ഇന്ത്യയുടെ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ :എസ്.വൈ.ഖുറേഷി ** തൃശൂര്‍ ജില്ലാ കലക്ടര്‍ :എം.എസ്. ജയ

03 December, 2009

സര്‍വ്വജ്ഞപീഠം

ലോകപ്രസിദ്ധനും ഭാരതത്തിന്റെ അഭിമാനവുമായ ആദിശങ്കരനെക്കുറിച്ച് നിങ്ങള്‍ കേട്ടിട്ടുണ്ടാവും. അദ്ദേഹം എട്ടാം നൂറ്റാണ്ടില്‍ കാലടിയിലാണ് ജനിച്ചത്. സര്‍വ്വകലാവല്ലഭനും സര്‍വ്വശാസ്ത്ര പാരംഗതനുമായിരുന്ന ശങ്കരാചാര്യര്‍ സര്‍വ്വജ്ഞപീഠം കയറിയ കഥ പ്രസിദ്ധമാണ്.

അക്കാലത്ത് ജീവിച്ചിരുന്ന പ്രശസ്തരായ പണ്ഡിതന്മാരെയെല്ലാം വാദപ്രതിവാദത്തില്‍ തോല്‍പ്പിച്ചാല്‍ മാത്രമേ സര്‍വ്വജ്ഞപീഠം കയറാനാവൂ. അതിനായി അദ്ദേഹം ഭാരതപര്യടനം നടത്തി. ശ്രീശങ്കരനോട് ഏറ്റുമുട്ടിയവരെല്ലാം തോവി സമ്മതിച്ച് പിന്‍ വാങ്ങുകയാണുണ്ടായത്. അവസാനം മാഹിഷ്മതിയില്‍ മണ്ഡനമിശ്രനുമായി വാദപ്രതിവാദം നടത്തി വിജയിക്കാന്‍ അങ്ങോട്ടു പുറപ്പെട്ടു. തര്‍ക്കം തുടങ്ങും മുന്‍പ് ഒരു പന്തയം ഉറപ്പിച്ചു. ആരു തോറ്റാലും ജയിക്കുന്ന ആളുടെ ശിഷ്യനാകണം. തര്‍ക്കത്തിന്റെ ജയപരാജയങ്ങള്‍ നിശ്ചയിക്കാന്‍ മണ്ഡനമിശ്രന്റെ പത്നി ഉഭയഭാരതി മദ്ധ്യസ്ഥയായി. ഇരുവരുടേയും കഴുത്തില്‍ ഓരോ പൂമാല അണിയിച്ച ശേഷം തര്‍ക്കം തുടങ്ങി.

തര്‍ക്കം ദിവസങ്ങളോളം നീണ്ടുനിന്നു. മീമാംസാകാരനായ മണ്ഡനമിശ്രന്‍ തന്റെ വാദങ്ങള്‍ ഓരോന്നായി സമര്‍ത്ഥിച്ചപ്പോള്‍ അദ്വൈത വേദാന്ത സാര്‍വ്വഭൌമനായ ശ്രീശങ്കരന്‍ തന്റെ തര്‍ക്കങ്ങളുടെ ശാസ്ത്രീയ സാധ്യത ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് തര്‍ക്കിച്ചു. ദിവസങ്ങള്‍ പലതു കഴിഞ്ഞപ്പോള്‍ മണ്ഡനമിശ്രന്റെ കഴുത്തിലെ പൂമാല വാടാന്‍ തുടങ്ങിയിരുന്നു. മാത്രമല്ല അദ്ദേഹം കുറേശ്ശെ പരാജയത്തിലേക്ക് നീങ്ങാനും തുടങ്ങി. ഒടുവില്‍ അദ്ദേഹം തോറ്റു പിന്‍ വാങ്ങി.

അപ്പോള്‍ ഭര്‍ത്താവിന്റെ സ്ഥാനം ഉഭയഭാരതി ഏറ്റെടുത്ത് തര്‍ക്കം ആരംഭിച്ചു. ആ വാദപ്രതിവാദം പതിനെട്ട് ദിവസമാണ് തുടര്‍ന്നത്. ആരും ജയിക്കുകയോ തോല്‍ക്കുകയോ ചെയ്യുന്നില്ല. അവസാനം ഉഭയഭാരതി ശ്രീശങ്കരനെ തോല്‍പ്പിക്കാന്‍ ഒരു ചോദ്യം ഉന്നയിച്ചു. “കാമശാസ്ത്രത്തെപ്പറ്റി താങ്കള്‍ക്ക് എന്തറിയാം?” നിത്യബ്രഹ്മചാരിയായ സന്ന്യാസി കാമശാസ്ത്രം പഠിച്ചിരുന്നില്ല. അത് ഉഭയഭാരതിക്കറിയാമായിരുന്നു. അങ്ങനെ ശങ്കരനെ തോല്‍പ്പിക്കാമെന്നാണ് ആ സ്ത്രീ വിചാരിച്ചത്.

ശങ്കരാചാര്യര്‍ ഒന്നു പരുങ്ങി. പിന്നെ തലയുയര്‍ത്തി ധീരമായി പറഞ്ഞു:“ഒരു മാസത്തെ സമയം അനുവദിച്ചാല്‍ ഇതിന് ഉത്തരം പറയാം.” അങ്ങനെ സമ്മതിച്ച് അവര്‍ പിരിഞ്ഞു. ശ്രീശങ്കരന്‍ ചിന്താമഗ്നനായി നര്‍മ്മദാ നദിയുടെ കരയിലൂടെ നടന്നു. അപ്പോള്‍ ആ ചിന്താമണ്ഡലത്തില്‍ മറ്റൊന്നുമുണ്ടായിരുന്നില്ല. “എങ്ങനെ കാമശാസ്ത്രം പഠിക്കാം”- അതു മാത്രമായിരുന്നു മനസ്സു നിറയെ.

അപ്പോള്‍ കുറേയേറെ ആളുകള്‍ ദൂരെ നടന്നു നീങ്ങുന്നത് അദ്ദേഹം കണ്ടു. അവരോടൊപ്പമെത്താന്‍ കാലടികള്‍ നീട്ടിവച്ചു. അടുത്ത് ചെന്നപ്പോള്‍ അവരുടെ മധ്യത്തില്‍ ഒരു മഞ്ചലില്‍ ഒരു മൃതദേഹം കിടക്കുന്നത് കണ്ടു. അവരുമായി സംസാരിച്ചപ്പോള്‍ ആ മൃതശരീരം “അമരുകന്‍ “ എന്ന രാജാവിന്റേതാണെന്ന് മനസ്സിലായി.

ശ്രീശങ്കരന്‍ ഉടനെ സ്വന്തം ശരീരം ഒരിടത്ത് ഉപേക്ഷിച്ച് അത് സൂക്ഷിക്കാന്‍ ശിഷ്യരെ ഏല്‍പ്പിച്ച ശേഷം രാജാവിന്റെ ശരീരത്തില്‍ പ്രവേശിച്ചു. ആ ജഡം ഒന്നു ചലിച്ചു. കണ്ണുകള്‍ ഉറക്കം ഉണരുന്നതു പോലെ തുറന്നു. രാജാവ് മഞ്ചലില്‍ എഴുന്നേറ്റിരുന്നു.

ജനക്കൂട്ടം ആഹ്ലാദാരവത്തോടെ ജീവന്‍ തിരികെ കിട്ടിയ രാജാവുമായി കൊട്ടാരത്തിലേക്ക് പോയി. രാജ്ഞി സന്തോഷത്തിലാറാടി. അവിടെ കുറേക്കാലം ശ്രീശങ്കരന്‍ രാജ്ഞിയോടൊത്ത് കഴിഞ്ഞു. പഠിക്കേണ്ടത് മുഴുവന്‍ ഗ്രഹിച്ചിട്ട്, രാജശരീരം ഉപേക്ഷിച്ച് സ്വശരീരത്തില്‍ പ്രവേശിച്ച് ഉഭയഭാരതിയുമായി വീണ്ടും തര്‍ക്കം തുടര്‍ന്നു. അവസാനം വിജയശ്രീലാളിതനായി ശ്രീശങ്കരന്‍ സര്‍വ്വജ്ഞപീഠാരോഹണത്തിനു പോയി.

അറിവിന്റെ ദേവതയായ ശ്രീസരസ്വതിയുടെ ഒരു ക്ഷേത്രം പുരാതനകാലം മുതല്‍ കാശ്മീരിലുണ്ടായിരുന്നു. ഇതിന് നാലു ദിക്കിലേക്കും നാലു വാതിലുകളുണ്ട്. ദേവിയുടെ പ്രതിഷ്ഠയ്ക്ക് അഭിമുഖമായി ഒരു പീഠം സ്ഥാപിച്ചിട്ടുണ്ട്. അതിന്റെ പേരാണ് സര്‍വ്വജ്ഞപീഠം. ലോകസര്‍വ്വജ്ഞനായ ഒരാള്‍ക്ക് മാത്രമേ അതിലിരിക്കാന്‍ അര്‍ഹതയുള്ളൂ. മുന്‍പ് മൂന്നു വഴികളിലൂടെ മൂന്നു പേര്‍ പ്രവേശിച്ച് പരാജയപ്പെട്ടിരുന്നു. തെക്കു ഭാഗത്തുള്ള വാതിലിലൂടെ ആരും പ്രവേശിച്ചിരുന്നില്ല. ശ്രീശങ്കരന്‍ അതിലൂടെ അകത്തു കയറി. അവിടേയും അനവധി പണ്ഡിതന്മാരെ തോല്‍പ്പിച്ച അദ്ദേഹത്തെ സാക്ഷാല്‍ സരസ്വതി ചില പരീക്ഷണങ്ങള്‍ക്ക് വിധേയനാക്കി. അതിലും വിജയകിരീടം ചൂടിയ ആദിശങ്കരാചാര്യര്‍ സര്‍വ്വജ്ഞപീഠത്തിലേക്ക് ആനയിക്കപ്പെട്ടു.

ലോകം മുഴുവന്‍ ശങ്കരന്റെ ഔന്നത്യം ചോദ്യം ചെയ്യപ്പെടാതെ ഇന്നും നിലനില്‍ക്കുന്നു..!!

No comments:

Post a Comment