ഇന്ത്യയുടെ രാഷ്ട്രപതി : പ്രണബ് കുമാര്‍‌ മൂഖര്‍ജി ** ഉപരാഷ്ട്രപതി : മുഹമ്മദ് ഹമീദ് അന്‍സാരി ** സുപ്രീം കോടതി ചീഫ് ജസ്‌റ്റിസ് : ജസ്റ്റിസ് പി സദാശിവം ** കേരള ഹൈക്കോടതി ചീഫ് ജസ്റ്റീസ് : മഞ്ജുള ചെല്ലൂര്‍ ** കേരള ഗവര്‍ണര്‍ : നിഖിൽ കുമാർ ** കേരള സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ : ശ്രീമതി. കെ സി റോസക്കുട്ടി ** ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ : മം‌മ്ത ശര്‍മ്മ ** ലോകസഭാസ്പീകര്‍ : മീരാകുമാര്‍ ** ലോകസഭാ ഡെപ്യൂട്ടി സ്പീക്കര്‍ : കരിയമുണ്ട ** കേരള നിയമസഭാ സ്പീക്കര്‍ : ജി.കാര്‍ത്തികേയന്‍ ** കേരള നിയമസഭയിലെ ഡെപ്യൂട്ടി സ്പീക്കര്‍ : എന്‍‌ .ശകതന്‍ ** ഇന്ത്യയുടെ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ :എസ്.വൈ.ഖുറേഷി ** തൃശൂര്‍ ജില്ലാ കലക്ടര്‍ :എം.എസ്. ജയ

24 November, 2011

എന്താണ് ലോക്പാല്‍ ബില്‍ ..?




1991-ല്‍ അണ്ണാ ഹസാരെ ഭ്രഷ്‌ട്രാചാര്‍ വിരോധി ജന്‍ ആന്തോളന്‍ എന്ന പ്രസ്ഥാനം ആരംഭിച്ചു. പൊതുപ്രവര്‍ത്തകരുടേയും ഉദ്യോഗസ്ഥരുടേയും അഴിമതി പുറത്തു കൊണ്ടു വരികയും, അവര്‍ ഉചിതമായി ശിക്ഷിക്കപ്പെടുകയും വേണം എന്ന ഉദ്ദേശത്തോടെ ആരംഭിച്ച ഈ പ്രസ്ഥാനം മഹാരാഷ്‌ട്രയില്‍ ബി ജെ പി യുടേയും, ശിവസേനയുടേയും, എന്‍ സി പി യുടേയും, കോണ്‍ഗ്രസ്സിന്റേയും ഉറക്കം കെടുത്തി. അഴിമതിക്കെതിരെ ഇന്ത്യ (India Against Corruption) എന്ന പ്രസ്ഥാനവും ഏതെങ്കിലും രാഷ്‌ട്രീയ പാര്‍ട്ടിയോട് വിധേയത്വം പുലര്‍ത്തുന്ന ഒന്നല്ല. ഭരിക്കുന്നവരുടെ അഴിമതിക്കെതിരെ ഭരിക്കപ്പെടുന്നവരുടെ ഒരു പ്രസ്ഥാനമാണിത്. അത് ആവശ്യപ്പെടുന്നത് ശക്തമായ അഴിമതിവിരുദ്ധ നിയമങ്ങളാണ്. അതില്‍ ഏറ്റവും പ്രധാനമായതത്രേ ‘ ലോക്പാല്‍ ബില്‍ ’.


ആരാണ് ലോക്പാല്‍ ..?

ഓംബുഡ്സ്‌മാന്‍ എന്ന പദത്തിന്റെ ഭാരതീയപരിഭാഷയാണ് ലോക്പാല്‍ . ജനരക്ഷകന്‍ എന്ന് വേണമെങ്കില്‍ മലയാളത്തില്‍ പറയാം. 1968-മുതല്‍ പല പ്രാവശ്യം പാര്‍ലമെന്റിന്റെ പരിഗണനയ്‌ക്ക് വരികയും മാറ്റി വെയ്‌ക്കപ്പെടുകയും ചെയ്‌തിട്ടുള്ളതാണ് ലോക്പാല്‍ ബില്‍ . 2011 ഏപ്രില്‍ മാസത്തില്‍ അണ്ണാ ഹസാരെയുടെ ആദ്യനിരാഹാര സമരത്തിനു ശേഷം കേന്ദ്രസര്‍ക്കാര്‍ പൊതുസമൂഹത്തിലെ അംഗങ്ങളെ കൂടി ഉള്‍പ്പെടുത്തികൊണ്ട് ഒരു സംയുക്ത കമ്മിറ്റി ലോക്പാല്‍ ബില്ലിന്റെ കരട് തയ്യാറാക്കുന്നതിനായി നിയമിക്കുകയുണ്ടായി. അണ്ണാ ഹസാരെയുടെ നേതൃത്വത്തിലുള്ള പൊതുസമൂഹത്തിന്റെ ആവശ്യം ശക്തവും കാര്യക്ഷമവുമായ ഒരു ലോക്പാല്‍ ബില്‍ വേണമെന്നതാണ്. എന്നാല്‍ സര്‍ക്കാരാകട്ടെ സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ദുര്‍ബ്ബലമായ ഒരു ലോക്പാല്‍ ബില്‍ കൊണ്ടുവരാനാണ് ശ്രമിക്കുന്നത്. ലോക്പാലിന്റെ പരിധിയില്‍ പ്രധാനമന്ത്രിയും, പാര്‍ലമെന്റ് അംഗങ്ങളും, സര്‍ക്കാര്‍ ജീവനക്കാരും ജുഡീഷ്യറിയും വരുന്നതിന് സര്‍ക്കാര്‍ എതിരാണ്. മാത്രമല്ല ലോക്പാലിന് സ്വതന്ത്രമായി നിയമ – ശിക്ഷണ നടപടികള്‍ സ്വീകരിക്കുന്നതിനുള്ള വകുപ്പുകള്‍ വേണമെന്ന പൊതുസമൂഹത്തിന്റെ ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കുന്നില്ല. ഈ പരിതസ്ഥിതിയിലാണ് അണ്ണാ ഹസാരെ അദ്ദേഹത്തിന്റെ രണ്ടാമത്തെ ഉപവാസ സമരം തുടങ്ങിയത്. ഒരു ലോക്പാലിന്റെ നിയമനത്തോടെ അഴിമതി പൂര്‍ണ്ണമായി തുടച്ചുമാറ്റപ്പെടും എന്ന മിഥ്യാ ബോധം അണ്ണാ ഹസാരെയ്‌ക്കോ പൊതുസമൂഹത്തിനോ ഇല്ല. എന്നാല്‍ ശക്തമായ ഒരു ലോക്പാലിന്റെ കര്‍ശനദൃഷ്‌ടിയില്‍ ഇവിടത്തെ ഭരണസംവിധാനം വരുന്നത് അഴിമതി നിര്‍മ്മാര്‍ജ്ജനത്തിനുള്ള ഒരു പ്രധാന കാല്‍ വെപ്പായി പൊതുസമൂഹം കാണുന്നു.

സ്വതന്ത്രവും നിഷ്‌പക്ഷവും ശക്തവുമായ ലോക്പാല്‍ സംവിധാനത്തിനെതിരെ സര്‍ക്കാര്‍ നിലപാട് സ്വീകരിച്ചപ്പോള്‍ മാത്രമാണ് ഹസാരെ തന്റെ ജനപക്ഷസമരം തുടങ്ങിവച്ചത്. ഒരു മുഖ്യധാരാ രാഷ്ട്രീയക്കാരുമായും വേദി പങ്കിടാന്‍ ഹസാരെ വിസമ്മതിച്ചതും, പേശീബലവും കോര്‍പ്പറേറ്റ് സംഭാവനയും ഇല്ലാതെ ഇത്രയേറെ ജനങ്ങളെ സ്വമേധയാ തെരുവിലിറക്കിയതും, ഒരു കല്ലുപോലും എറിയാതെ സമരം നടത്തിയതും ഉപജീവനരാഷ്ട്രീയക്കാരെ ഭയപ്പെടുത്തുന്നുണ്ടോ..?

നിസ്വാര്‍ത്ഥത, സമര്‍പ്പണം, സഹകരണം ഇതാണല്ലോ കര്‍മ്മയോഗത്തിന്റെ മര്‍മ്മം. വിവേകാനന്ദ സ്വാമിയുടേയും മഹാത്മാഗാന്ധിയുടേയും വിനോബാ ഭാവയുടേയും പ്രവര്‍ത്തനങ്ങളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട കിസാന്‍ ബാബുറാവ് ഹസാരെ ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ നമ്മുടെ പ്രത്യാശയാണ്. 13 ദിവസങ്ങള്‍ നീണ്ടുനിന്ന അണ്ണാ സമരത്തില്‍ ഭാരതത്തിലെമ്പാടും ജനലക്ഷങ്ങള്‍ തെരുവിലിറങ്ങി പ്രകടനം നടത്തി. എന്നാല്‍ കല്ലേറോ, പൊതുമുതല്‍ നശീകരണമോ ഉണ്ടായില്ല. സമരം സത്യമെങ്കില്‍ ഹിംസയ്‌ക്കും അക്രമത്തിനും സ്ഥാനമില്ല എന്ന പാഠമെങ്കിലും മുഖ്യധാരാ രാഷ്ട്രീയക്കാര്‍ പഠിക്കുമോ..?

കടപ്പാട് : ഗുരുദേവന്‍ മാസിക

19 November, 2011

ആരാണ് ഈ ഹസാരെ..?

മഹാരാഷ്‌ട്രയില്‍ അഹമ്മദ് നഗര്‍ ജില്ലയില്‍ പൂനെ നഗരത്തില്‍ നിന്ന് സുമാര്‍ 100 കിലോമീറ്റര്‍ അകലെ റാലീഗന്‍ സിദ്ധി (Ralegon Siddhi) എന്ന് പേരുള്ള ഒരു ഗ്രാമമുണ്ട്. പാരിസ്ഥിതിക സംരക്ഷണ കാര്യത്തില്‍ ഒരു മാതൃകാ ഗ്രാമമാണ് റാലീഗന്‍ . 1975-മുതല്‍ സാമൂഹ്യ പ്രവര്‍ത്തകനായ അണ്ണാ ഹസാരെയുടെ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമാണ് ഈ ഗ്രാമം. വൃക്ഷങ്ങള്‍ നടുക, മണ്ണൊലിപ്പ് തടയാന്‍ ഭൂമിയെ തട്ടുകളായി തിരിക്കുക, മഴവെള്ള സംഭരണത്തിന് കനാലുകള്‍ കുഴിക്കുക, ഗ്രാമത്തിന്റെ ഊര്‍ജ്ജാവശ്യങ്ങള്‍ക്ക് സൌരോര്‍ജം, ബയോഗ്യാസ്, കാറ്റാടി യന്ത്രങ്ങള്‍ മുതലായവ ഉപയോഗിക്കുക ഇവയെല്ലാം അണ്ണാ ഹസാരെയുടെ നേതൃത്വത്തില്‍ 1970-കളില്‍ തന്നെ ഇവിടെ നടപ്പാക്കി. 36 വര്‍ഷം പിന്നിട്ടിരിക്കുന്ന ഈ വികസന മാതൃകയുടെ ഏറ്റവും വലിയ നേട്ടം പാരമ്പര്യേതര ഊര്‍ജ്ജസ്രോതസ്സുകളുടെ ഉപയോഗമാണ്. ഗ്രാമത്തിലെ നിരത്തു വിളക്കുകളെല്ലാം സൌരോര്‍ജ്ജത്തിലാണ് പ്രവര്‍ത്തിക്കുന്നത്. 400-ല്‍ ഏറെ വീടുകളും 2600 -ഓളം ഗ്രാമീണരും പൂര്‍ണ്ണമായ സ്വയം പര്യാപ്‌തതയില്‍ പുലരുന്ന ഏകഗ്രാമമാണ് റാലീഗാവ് സിദ്ധി. പില്ക്കാല ഖദര്‍ധാരികള്‍ മറന്ന മഹാത്മാ ഗാന്ധിയുടെ ഗ്രാമസ്വരാജിന്റെ സമര്‍ത്ഥവും പ്രായോഗികവുമായ പരീക്ഷണം.



1975-ല്‍ ഭാരതത്തിലെ ഏതൊരു ഗ്രാമവും പോലെ തന്നെയായിരുന്നു റാലീഗാവും. വര്‍ള്‍ച്ച, ദാരിദ്ര്യം, നിരക്ഷരത, വ്യാജമദ്യം, മറ്റ് സാമൂഹ്യതിന്മകളും ദുരിതങ്ങളും ഒക്കെ ഈ ഗ്രാമത്തിന്റെയും മുഖമുദ്രകളായിരുന്നു. ഗ്രാമീണരുടെ ഇടയില്‍ അവരില്‍ ഒരാളായി പ്രവര്‍ത്തിച്ച അണ്ണാ ഹസാരെ അവരെ സാമൂഹ്യ പ്രതിബദ്ധതയുള്ളവരാക്കി മാറ്റി.ഇന്ന് ഗ്രാമത്തില്‍ വെള്ളം സുലഭം. ധാന്യബാങ്ക് (Grain Bank), പാല്‍ ബാങ്ക് (Milk Bank), വിദ്യാലയം എല്ലാമുണ്ട്. ഈ ഗ്രാമത്തില്‍ നിന്ന് ദാരിദ്ര്യം പൂര്‍ണ്ണമായും നിര്‍മ്മാര്‍ജ്ജനം ചെയ്യപ്പെട്ടിരിക്കുന്നു.അങ്ങേയറ്റം ദാരിദ്ര്യം ബാധിച്ച ഒരു മേഖലയില്‍ സാമൂഹ്യബോധമുള്ള, ശരിയായ വികസന കാഴ്ചപ്പാടുള്ള സമ്പന്നമായ ഒരു ഗ്രാമത്തെ ഉണര്‍ത്തി യെടുത്ത അണ്ണാ ഹസാരെയെ ലോകബാങ്കിന്റെ പ്രതിനിധി സംഘം അഭിനന്ദിക്കുകയും ആദരിക്കുകയും ഉണ്ടായി.വിഭവസമാഹരണവും സമ്പദ് സൃഷ്‌ടിയും പ്രാദേശിക സമ്പദ് ഘടനയില്‍ നിന്നുതന്നെ സാധ്യമാണെന്ന് ഹസാരെയും റാലീഗാവിലെ നിരക്ഷരരായ ഗ്രാമീണരും കാട്ടി ക്കൊടുത്തു. കാല്‍ നൂറ്റാണ്ടിലേറെയായി ഈ മാതൃക വിജയകരമായി തുടരുന്നു. ഭാരതത്തിന് മൊത്തമായി ഈ വികസന മാതൃക സ്വീകരിക്കാവുന്നതാണ്.


കിസാന്‍ ബാബുറാവ് ഹസാരെ 1937 ജൂണ്‍ 15-ന് ജനിച്ചു. ഒരു ആയുര്‍വ്വേദ സ്ഥാപനത്തില്‍ കൂലിപ്പണിക്കാരനായിരുന്നു അച്‌ഛന്‍ . തനിക്ക് താഴെ 6 സഹോദരങ്ങള്‍ . കടുത്ത ദാരിദ്ര്യത്തില്‍ ഏഴാം ക്ലാസ്സില്‍ പഠനം അവസാനിപ്പിക്കേണ്ടി വന്നു. ജോലി തേടി ബോബെയില്‍ എത്തിയ ഹസാരെ ദാദറില്‍ പൂക്കള്‍ വിറ്റ് ഉപജീവനം തേടി. സ്വന്തമായി പൂക്കട തുടങ്ങിയപ്പോള്‍ അനുജന്മാരെ സഹായികളായി കൂട്ടി. 1962-ലെ ചൈനീസ് ആക്രമണത്തിന്റെ പശ്‌ചാത്തലത്തില്‍ നടന്ന അടിയന്തിര റിക്രൂട്ട്മെന്റില്‍ ശാരീരികക്ഷമത കുറവായിരുന്നു എങ്കിലും ഹസാരെയെ പട്ടാളത്തില്‍ എടുത്തു. 1963-ല്‍ പട്ടാളത്തില്‍ ട്രക്ക് ഡ്രൈവറായി. ഇന്ത്യാ പാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ ഖേംഖരന്‍ മേഖലയില്‍ 1965 നവംബര്‍ 12-ന് പാക് സൈന്യത്തിന്റെ ബോബാക്രമണത്തില്‍ തന്റെ കൂടെയുണ്ടായിരുന്ന എല്ലാ ജവാന്മാരും കൊല്ലപ്പെട്ടു. ശത്രുവിന്റെ വെടിയുണ്ട തലയില്‍ ഉരസി കടന്നുപോയെങ്കിലും ഹസാരെ മാത്രം രക്ഷപ്പെട്ടു. ഈ അനുഭവം മരണത്തേയും ജീവിതത്തേയും കൂറിച്ച് ചിന്തിക്കാന്‍ അദ്ദേഹത്തിന് പ്രേരണയായി. ഡല്‍ഹി റെയില്‍ വേ സ്‌റ്റേഷനില്‍ വച്ച് സ്വാമി വിവേകാനന്ദന്റെ ‘ദേശനിര്‍മ്മാണത്തിന് യുവത്വത്തോടുള്ള ആഹ്വാനം’ (Call to youth for nation building) എന്ന ചെറുഗ്രന്ഥം ഹസാരെയുടെ ശ്രദ്ധയില്‍ പെട്ടു. തുടര്‍ന്ന് വിവേകാനന്ദന്‍ , മഹാത്മാ ഗാന്ധി, വിനോബാജി എന്നിവരുടെ കൃതികളും ജീവിതവും അദ്ദേഹത്തെ സ്വാധീനിച്ചു. 1970-ല്‍ ഒരിക്കല്‍ കൂടി മരണം അദ്ദേഹത്തെ തഴുകി കടന്നുപോയി. ഇപ്രാവശ്യം ഒരു റോഡപകടമായിരുന്നു. ഈ അനുഭവം സാമൂഹ്യസേവനത്തിന് സ്വയം സമര്‍പ്പിക്കുവാനുള്ള പ്രേരണയെ ഒന്നുകൂടി ബലപ്പെടുത്തി. 1974-ല്‍ സൈനിക സേവനത്തില്‍ നിന്ന് സ്വയം വിരമിച്ച് അദ്ദേഹം ഭാരതീയ ജനതയ്‌ക്കായി സ്വയം സമര്‍പ്പിച്ചു.


തുടര്‍ന്നുള്ള ഹസാരെയുടെ ജീവിതം അധികാര രാഷ്‌ട്രീയത്തിനും, അഴിമതിക്കും ചൂഷണങ്ങള്‍ക്കും സാമൂഹിക അനാചാരങ്ങള്‍ക്കും, അവരുടെ സംരക്ഷകരായ രാഷ്‌ട്രീയ-ഉദ്യോഗസ്ഥ ദുഷ്‌പ്രഭുത്വത്തിനും എതിരെയുള്ള സന്ധിയില്ലാ സമരമായിരുന്നു. 2000-ല്‍ ഹസാരെയുടെ നിരന്തരമായ സമരങ്ങളുടെ ഫലമായിട്ടാണ് മഹാരാഷ്‌ട്ര വിവരാവകാശ നിയമം പാസ്സാക്കപ്പെട്ടത്. ഇതിന്റെ ചുവടുപിടിച്ചാണ് 2005-ല്‍ കേന്ദ്രസര്‍ക്കാര്‍ വിവരാവകാശ നിയമം പാസ്സാക്കിയത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ രേഖപ്പെടുത്തുന്ന ഫയല്‍ നോട്ടിങ്ങ് (File noting) വിവരാവകാശത്തിന്റെ പരിധിയില്‍ വരില്ല എന്ന ഭേദഗതി കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനമെടുത്തപ്പോള്‍ മരണം വരെ ഉപവാസഭീഷണി ഉയര്‍ത്തിയാണ് ഹസാരെ ആ തീരുമാനത്തെ തോല്‌പിച്ചത്. “അറിയാനുള്ള സ്വാതന്ത്ര്യമുണ്ടെങ്കില്‍ എല്ലാ അഴിമതിയും അവസാനിപ്പിക്കാനാകും” എന്നാണ് ഹസാരെ പ്രഖ്യാപിച്ചത്.


അവിവാഹിതനാണ് ഹസാരെ. സന്ത് യാദവ ബാബ ക്ഷേത്രത്തിനോട് ചേര്‍ന്നുള്ള ഒരു ചെറിയ മുറിയിലാണ് താമസം. 70,000 രൂപയില്‍ താഴെ മാത്രമാണ് സ്വന്തം പേരില്‍ ബാങ്കിലുള്ളത്. സ്വന്തമായുള്ള 15 സെന്റ് സ്ഥലം സഹോദരന്മാര്‍ക്ക് നല്‍കി. പട്ടാള സേവനപ്രതിഫലമായി ലഭിച്ച ഭൂമി ഗ്രാമത്തിന് ദാനം ചെയ്‌തു. സാമാന്യവിദ്യാഭ്യാസം പോലും കമ്മിയായ പട്ടാളത്തില്‍ നിന്ന് പിരിഞ്ഞ ‘നിര്‍ദ്ധനനും’ വൃദ്ധനുമായ ഈ ട്രക്ക് ഡ്രൈവര്‍ക്ക് എങ്ങനെ ഭാരതത്തിലെ അഭ്യസ്‌ത വിദ്യരായ, 'അരാഷ്ട്രീയക്കാരെന്ന് ' മുഖ്യധാരാ രാഷ്ട്രീയക്കാര്‍ അധിക്ഷേപിക്കുന്ന യുവതലമുറയുടെ പ്രതീക്ഷകള്‍ക്ക് ചിറക് നല്‍കാനും, അവരില്‍ പ്രത്യാശ ഉണര്‍ത്താനും സാധിച്ചു എന്ന് ഇപ്പോള്‍ വ്യക്തമല്ലേ..?


കടപ്പാട് : ഗുരുദേവന്‍ മാസിക