ഇന്ത്യയുടെ രാഷ്ട്രപതി : പ്രണബ് കുമാര്‍‌ മൂഖര്‍ജി ** ഉപരാഷ്ട്രപതി : മുഹമ്മദ് ഹമീദ് അന്‍സാരി ** സുപ്രീം കോടതി ചീഫ് ജസ്‌റ്റിസ് : ജസ്റ്റിസ് പി സദാശിവം ** കേരള ഹൈക്കോടതി ചീഫ് ജസ്റ്റീസ് : മഞ്ജുള ചെല്ലൂര്‍ ** കേരള ഗവര്‍ണര്‍ : നിഖിൽ കുമാർ ** കേരള സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ : ശ്രീമതി. കെ സി റോസക്കുട്ടി ** ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ : മം‌മ്ത ശര്‍മ്മ ** ലോകസഭാസ്പീകര്‍ : മീരാകുമാര്‍ ** ലോകസഭാ ഡെപ്യൂട്ടി സ്പീക്കര്‍ : കരിയമുണ്ട ** കേരള നിയമസഭാ സ്പീക്കര്‍ : ജി.കാര്‍ത്തികേയന്‍ ** കേരള നിയമസഭയിലെ ഡെപ്യൂട്ടി സ്പീക്കര്‍ : എന്‍‌ .ശകതന്‍ ** ഇന്ത്യയുടെ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ :എസ്.വൈ.ഖുറേഷി ** തൃശൂര്‍ ജില്ലാ കലക്ടര്‍ :എം.എസ്. ജയ

03 December, 2011

നിലനില്‍പ്പിനേക്കാള്‍ വലുതാണോ നിയമങ്ങളും കരാറുകളും?


മുല്ലപ്പെരിയാര്‍ കരാറിന്‍റെ നിയമ സാധുത പുന:പരിശോധിച്ച് പൊളിച്ചെഴുതാന്‍ തടസ്സമായി നില്‍ക്കുന്നത് ദുര്‍ബലമായ ഒരു കോടതി വിധി ആണെങ്കില്‍ , ആ കോടതി വിധിയെ മറികടക്കാന്‍ മുപ്പതു ലക്ഷം ആളുകളുടെ ജീവനേക്കാള്‍ വലിയ ഒരു കാരണം ആവശ്യമുണ്ടോ ? അതുകൊണ്ട് എടുക്കേണ്ട നടപടികള്‍ ഒരു നിമിഷം പാഴാക്കാതെ എടുത്ത് , കേരളീയരുടെ തലയ്ക്കു മുകളില്‍ തൂങ്ങുന്ന മുല്ലപ്പെരിയാര്‍ എന്ന ഡെമോക്ലസിന്റെ വാള്‍ എടുത്ത് മാറ്റാന്‍ കേരളം ആര്‍ജ്ജവം കാണിക്കണം. നിലനില്‍പ്പിനെക്കാള്‍ വലുതല്ല നിയമങ്ങളും കരാറുകളും !!! തമിഴനും മലയാളിയും മനുഷ്യനാണ്. ഒരു വിഭാഗം വെള്ളം കിട്ടാതെയും മറ്റൊരു വിഭാഗം വെള്ളത്തില്‍ മുങ്ങിയും മരിക്കുന്ന അവസ്ഥ വരരുത്!

മുല്ലപ്പെരിയാര്‍ സമരം വീറോടെ മുന്നേറുമ്പോള്‍ , ഈ വിഷയത്തിന്റെ ഗൌരവം എത്രമാത്രമെന്ന് ബോധ്യപ്പെടാന്‍ ‘മുല്ലപ്പെരിയാര്‍ - യാഥാര്‍ത്ഥ്യങ്ങളുടെ നേര്‍ക്കാഴ്ചകള്‍’ എന്ന ഈ മലയാളം ഡൊക്യുമെന്ററി കാണുക

മുല്ലപ്പെരിയാര്‍ ഡോക്യുമെന്ററി : ഭാഗം - 1




മുല്ലപ്പെരിയാര്‍ ഡോക്യുമെന്ററി : ഭാഗം - 2




മുല്ലപ്പെരിയാര്‍
ഡോക്യുമെന്ററി : ഭാഗം - 3



മുല്ലപ്പെരിയാര്‍ ഡോക്യുമെന്ററി : ഭാഗം - 4

02 December, 2011

എന്താണ് മുല്ലപ്പെരിയാർ പാട്ടക്കരാർ ?


പെരിയാറിന്റെ വൃഷ്ടിപ്രദേശത്ത് 8000 ഏക്കർ സ്ഥലത്തിനൊപ്പം 100 ഏക്കർ സ്ഥലം ഡാം നിർമ്മാണത്തിനും വിട്ടുകൊടുത്തുകൊണ്ട് തിരുവിതാംകൂറും മദ്രാസ് പ്രസിഡൻസിയും തമ്മിൽ 1886ൽ ആണ് മുല്ലപ്പെരിയാർ പാട്ടക്കരാർ ഒപ്പിടുന്നത്. 999കൊല്ലത്തേക്കായിരുന്നു കരാർ. (999 കൊല്ലത്തിന് ശേഷം വേണമെങ്കിൽ ഇനിയൊരു 999 കൊല്ലത്തേക്ക് കൂടെ കരാർ പുതുക്കാമെന്നും കരാറിൽ പറയുന്നുണ്ട്.) പക്ഷെ, 1947ൽ സ്വാതന്ത്ര്യം കിട്ടിയതോടെ ഇന്ത്യയൊട്ടാകെ ബ്രിട്ടീഷുകാർ വഴി ഉണ്ടാക്കപ്പെട്ട എല്ലാ കരാറുകളും സ്വാഭാവികമായും റദ്ദാക്കപ്പെട്ടു. പിന്നീട് സി.അച്ചുതമേനോന്റെ കാലത്ത് പാട്ടക്കരാറിലെ പഴയ വ്യവസ്ഥകൾ നിലനിർത്തിക്കൊണ്ടുതന്നെ ജലസേചനത്തിന് മാത്രമല്ല വൈദ്യുതി ഉൽ‌പ്പാദനത്തിലും ജലം ഉപയോഗിക്കാമെന്ന നിബന്ധനങ്ങൾ മുൻ‌കാലപ്രാബല്യത്തിൽ എഴുതിച്ചേർത്ത് പാട്ടക്കരാർ പുതുക്കി. 8000 ഏക്കറിന് 5 രൂപ എന്ന നിരക്കിൽ കേരളത്തിന് കിട്ടിയിരുന്ന തുക, 8000 ഏക്കറിന് 30 രൂപ എന്ന നിരക്കിൽ ആക്കി എന്നത് മാത്രമാണ് പുതുക്കിയ കരാറുകൊണ്ട് കേരളത്തിനുണ്ടായ നേട്ടം. കരാർ വ്യവസ്ഥകളുടെ അടിസ്ഥാനത്തിൽ പറഞ്ഞാൽ ഡാം കേരളത്തിന്റെ ഭൂമിയിൽ ആണെങ്കിലും അതിന്റെ ഉടമസ്ഥർ തമിഴ്‌നാടാണ്.

ഡാമിന്റെ ജാതകം
1886 ൽ അണക്കെട്ട് നിർമ്മാണം ആരംഭിച്ചു. ചുണ്ണാമ്പ്, കല്ല്, ചരൽ, സുർക്കി(ചുണ്ണാമ്പും ചരലും ചേത്ത് ചുട്ടെടുക്കുന്ന ഇഷ്ടിക പോലുള്ള വസ്തു.) എന്നിവ ഉപയോഗിച്ചാണ് ഡാം നിർമ്മിച്ചിരിക്കുന്നത്. 1876 ൽ ഒരുപാട് പ്രതിസന്ധികൾ തരണം ചെയ്തുകൊണ്ട് പെന്നി ക്വിക്ക് എന്ന എഞ്ചിനീയറുടെ നേതൃത്വത്തിൽ ഡാംനിർമ്മാണാം പൂർത്തിയാക്കപ്പെട്ടു. 442 പേരോളം നിർമ്മാണപ്രവർത്തനങ്ങൾക്കിടയിൽ പല കാരണങ്ങളാൽ കൊല്ലപ്പെട്ടു. നിർമ്മാണ കാലഘട്ടത്ത് തന്നെ 50 കൊല്ലം മാത്രമാണ് ഡാമിന് ആയുസ്സ് കൽ‌പ്പിച്ചിരുന്നത്. ആ കാലയളവും കഴിഞ്ഞ് 66 കൊല്ലം കൂടെ തരണം ചെയ്ത ഡാമിന്റെ ഇപ്പോഴത്തെ പ്രായം 116 കൊല്ലമാണ്. തമിഴ് നാടിന് വെള്ളം കൊടുക്കുക എന്ന ഉദ്ദേശത്തോടെ മാത്രം ഉണ്ടാക്കിയ അണക്കെട്ട് ആയതുകൊണ്ട് ഇതിന് ഷട്ടറുകൾ ഇല്ല.

സോഹന്‍ റോയ് ഒരുക്കിയ 'ജലബോംബുകള്‍' (മലയാളം ഡോക്യുമെന്ററി) ഇവിടെ കാണാം....



ഡാമിന്റെ ഇപ്പോഴത്തെ അവസ്ഥയും കേസും

ഡാമിന്റെ ബലക്ഷയം ഉണ്ടെന്ന് പഠനങ്ങൾ തെളിയിച്ചപ്പോൾ സുരക്ഷാ നടപടിയായി ജലനിരപ്പ് കുറക്കേണ്ടത് ആവശ്യമാകുകയും അതേച്ചൊല്ലിയുള്ള തർക്കങ്ങൾ കോടതിയിലേക്ക് നീങ്ങുകയും ചെയ്തു. പുതിയ ഡാം ഉണ്ടാക്കണം എന്ന ആവശ്യമാണ് കേരളത്തിന്റെ ഭാഗത്തുനിന്ന് ഉയർന്നത്. പുതിയ ഡാം ഉണ്ടാക്കി ഇപ്പോൾ നൽകുന്ന അത്രയുമോ അല്ലെങ്കിൽ മുല്ലപ്പെരിയാറിലെ മുഴുവൻ വെള്ളമോ തമിഴ്‌നാടിന് നൽകാമെന്ന് കേരളം ഇപ്പോഴും ഉറപ്പ് നൽകുന്നുവെങ്കിലും തമിഴ്‌നാട് വഴങ്ങുന്നില്ല. തങ്ങൾക്ക് വെള്ളം നിഷേധിക്കുകയാണ് എന്ന രീതിയിലുള്ള പ്രചരണമാണ് അവർ അഴിച്ചുവിടുന്നത്. സുപ്രീം കോടതി നിയമിച്ച ഉന്നതാധികാര സമിതിക്ക് മുന്നിൽ, നാളെ നാളെ നീളെ നീളെ എന്ന മട്ടിൽ കേസ് ഇഴഞ്ഞ് നീങ്ങിക്കൊണ്ടിരിക്കുന്നു. ഇക്കാലത്തിനിടയ്ക്ക് ബലം വർദ്ധിപ്പിക്കാനായി പല തരത്തിലുള്ള പ്രവർത്തനങ്ങൾ ഡാമിൽ നടന്നിട്ടുണ്ട്. അതിൽ കേബിൾ ഹാങ്കറിങ്ങ് പോലുള്ള കാര്യങ്ങൾ ഡാമിന്റെ ബലക്ഷയത്തിന് കാരണമായി ഭവിക്കുകയാണ് ഉണ്ടായിട്ടുള്ളത്. ദിനം‌പ്രതി ഡാമിന്റെ ബലം ക്ഷയിച്ചുകൊണ്ടിരിക്കുന്നു. കൂനിന്മേൽ കുരു എന്നതുപോലെ തുടർ ഭൂചലനങ്ങളും വരാൻ തുടങ്ങിയതോടെ ഡാമിൽ വിള്ളലുകൾ ഉണ്ടാകുകയും ആ വിള്ളലുകൾ വലുതാകുകയും ചെയ്തു. കഴിഞ്ഞ കുറെ ദിവസമായി തുടരുന്ന മഴ കാരണം ഡാമിലേക്കുള്ള നീരൊഴുക്ക് റെക്കോഡ് ഇട്ടിരിക്കുകയാണ്. അണക്കെട്ട് തകർന്നാലുള്ള ഗുരുതരാവസ്ഥ പ്രവചനാതീതമാണ്. പെട്ടെന്ന് തന്നെ വെള്ളം തുറന്ന് വിട്ട് അപകട സാദ്ധ്യത ഒഴിവാക്കാനുള്ള മാർഗ്ഗങ്ങളുമില്ല. വളരെ സമയം എടുത്ത് ഡീ-കമ്മീഷൻ ചെയ്യുക, അതുവരെ ജലനിരപ്പ് പരമാവധി താഴ്‌ത്തി വെക്കുക എന്നത് മാത്രമാണ് സുരക്ഷിതമായ നടപടി. റിൿടർ സ്കെയിലിൽ 6 കാണിക്കുന്ന ഒരു ഭൂകമ്പത്തെ താങ്ങാൻ മുല്ലപ്പെരിയാർ അണക്കെട്ടിന് ആയെന്ന് വരില്ല.

ഡാം തകർന്നാൽ...

1. കേരളത്തിലെ അഞ്ച് ജില്ലകൾ ഭാഗികമായോ പൂർണ്ണമായോ വെള്ളത്തിനടിയിലാകും.

2. കേരളം തന്നെ രണ്ടായി വിഭജിക്കപ്പെട്ടെന്ന് വരാം.3. മുല്ലപ്പെരിയാർ ഡാം പൊട്ടി അതിലെ വെള്ളം മുഴുവൻ താങ്ങാനാകാതെ ഇടുക്കി ഡാം കൂടെ പൊട്ടിയാൽ കേരളം ഇരുട്ടിലാകും.
4. അഞ്ച് ജില്ലകളിലായി 35 ലക്ഷത്തോളം വരുന്ന ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണി.
5. ഡാം തകർന്നാൽ അതിന്റെ വിപത്തുകളിൽ നിന്ന് കര കയറാൻ 15 വർഷമെങ്കിലും കേരള സംസ്ഥാനം എടുക്കും.
6. ഡാം തകർന്നാൽ അതിലെ ജലം ഉപയോഗിച്ച് കൃഷി ചെയ്യുന്ന തമിഴ്‌നാട്ടിലെ 5 ജില്ലകളിളും പട്ടിണിയിലേക്ക് നീങ്ങും.
7. ഇതിനൊക്കെ പുറമേ, ഉണ്ടാകാൻ പോകുന്ന മഹാമാരികൾ, രോഗങ്ങൾ, പട്ടിണി, തൊഴിലില്ലായ്‌മ എന്നീ കാര്യങ്ങളുടെ ഭീകരതയെക്കുറിച്ച് കൃത്യമായി ഒരു ചിത്രം ആർക്കും സങ്കൽ‌പ്പിക്കാൻ പോലുംആവില്ല.
നമുക്ക് എന്തൊക്കെ ചെയ്യാനാകും ?

1. ഡാമിന്റെ അവസ്ഥയെപ്പറ്റി ജനങ്ങളെ ബോധവൽക്കരിക്കുക. ഒരാൾ ഏറ്റവും കുറഞ്ഞത് 2 പേരെയെങ്കിലും നിജസ്ഥിതി പറഞ്ഞ് മനസ്സിലാക്കുക.
2. പുതിയ ഡാമിന്റെ പണി ഉടൻ തുടങ്ങാനായി സമ്മർദ്ദം ചെലുത്തിക്കൊണ്ട് ഹർത്താൽ ഒഴിയെയുള്ള എല്ലാത്തരം പ്രക്ഷോഭങ്ങളും സംഘടിപ്പിക്കുക.3. പുതിയ ഡാം പണി തുടങ്ങുന്നത് വരെ, താൽക്കാലിക സുരക്ഷ ഉറപ്പ് വരുത്താനായി ഡാമിലെ ജലനിരപ്പ് 120 അടിയോ അതിൽ താഴെയോ ആക്കാൻ പരിശ്രമിക്കുക, സമ്മർദ്ദം ചെലുത്തുക
.4. തമിഴ്‌നാടിന് വെള്ളം കൊടുക്കില്ല എന്ന് കേരളം പറയുന്നില്ല. ഇക്കാര്യം വളരെ വ്യക്തമായും സൌമ്യമായും തമിഴ് സഹോദരങ്ങളെ പറഞ്ഞ് മനസ്സിലാക്കുക.5. എല്ലാ സ്കൂളുകളിലും കോളേജുകളിലും അടിയന്തിരമായി ഈ വിഷയം കുട്ടികളെ പറഞ്ഞ് മനസ്സിലാക്കുക.
6. ഏതൊക്കെ പൊതു ചടങ്ങുകൾ ഉണ്ടോ അവിടെയെല്ലാം ഈ വിഷയത്തിന്റെ ഭീകരാവസ്ഥ ജനങ്ങളിലേക്കെത്തിക്കാൻ വേണ്ടി 15 മിനിറ്റെങ്കിലും വിനിയോഗിക്കുക.തർക്കങ്ങളെല്ലാം തീർത്ത്, നാളെ മുതൽ പുതിയ അണക്കെട്ടിന്റെ നിർമ്മാണപ്രവർത്തനം ആ‍രംഭിച്ചാൽ‌പ്പോലും, ഇപ്പോൾ ഉണ്ടായിക്കൊണ്ടിരിക്കുന്ന തുടർ ഭൂചലനങ്ങളുടെ ഭാഗമായി എന്തെങ്കിലും അത്യാഹിതം സംഭവിക്കാനുള്ള സാദ്ധ്യതകൾ തള്ളിക്കളയാനാവില്ല. അങ്ങനെ എന്തെങ്കിലും അനിഷ്ടം സംഭവിച്ചാൽ എന്തൊക്കെ രക്ഷാമാർഗ്ഗങ്ങൾ സ്വീകരിക്കാം, അതിനായി എന്തൊക്കെ മുൻ‌കരുതലുകൾ ആവശ്യമുണ്ട് എന്നെല്ലാം ഏവരും അറിഞ്ഞിരിക്കേണ്ടതാണ്. ഈവക കാര്യങ്ങൾ മുല്ലപ്പെരിയാർ ഡാം പൊട്ടിയാൽ മാത്രമല്ല, ഒരു സാധാരണ വെള്ളപ്പൊക്കം ഉണ്ടായാലും നമ്മൾ പ്രാവർത്തികമാക്കേണ്ടതാണ്. സ്ഥിരമായി അത്തരം പ്രകൃതിക്ഷോഭങ്ങൾ ഉണ്ടാകുന്ന നാടല്ല നമ്മുടേതെങ്കിലും ഇത്തരം കാര്യങ്ങൾ അറിഞ്ഞിരുന്നാൽ, ഇനിയങ്ങോട്ട് എന്നെങ്കിലും പ്രയോജനപ്പെടാതിരിക്കില്ല.സുരക്ഷാനടപടികൾ.

1. എപ്പോഴും അപകടമുന്നറിയിപ്പുകൾക്കായി റേഡിയോ, ടീവീ എന്നിവ മാദ്ധ്യമങ്ങൾ ശ്രദ്ധീച്ചുകൊണ്ടേയിരിക്കുക.

2. രക്ഷപ്പെട്ട് കയറി നിൽക്കാൻ പറ്റുന്ന ഉയരമുള്ള കെട്ടിടങ്ങളും പ്രദേശങ്ങളും മുന്നറിയിപ്പ് കിട്ടുന്നതിന് മുന്നേ തന്നെ നോട്ടമിട്ട് വെക്കുക; അവിടേക്ക് കയറാനുള്ള അനുവാദം നേരത്തേ കൂട്ടി വാങ്ങി വെക്കുക.
3. ദുരന്തം ഉണ്ടായാൽ വെള്ളം എത്ര നേരം കൊണ്ട് ഒഴിഞ്ഞുപോകും? എത്ര നേരം കെട്ടിക്കിടക്കും ? ഒഴിഞ്ഞ് പോയാലും നിരത്തിലിറങ്ങി നടക്കാനോ പഴയത് പോലെ ജീവിക്കാനോ പറ്റുമോ എന്ന കാര്യങ്ങളൊക്കെ നമ്മുടെ ചിന്തയ്ക്ക് അതീതമാണ്. ഒരടിക്ക് മുകളിൽ ചെളി കെട്ടി നിന്നാൽ‌പ്പോലും രക്ഷാപ്രവർത്തനങ്ങൾക്കും ഭക്ഷണവിതരണത്തിനുമൊക്കെ കാലതാമസം ഉണ്ടാകും. ഒന്നോ രണ്ടോ ദിവസത്തേയ്ക്കുള്ള വെള്ളവും ഭക്ഷണവും സജ്ജമാക്കി വെക്കുക. കുറേ വെള്ളം അത്യാവശ്യം ഭക്ഷണം എന്നിവ എപ്പോഴും കരുതി വെക്കുക. കുറേയധികം ദിവസങ്ങൾ കേടുകൂടാതെ ഇരിക്കുന്ന ഏത് ഭക്ഷണവും കരുതാം. ഇത്രയും സാധനങ്ങളുമായിട്ടായിരിക്കണം മുന്നറിയിപ്പ് കിട്ടിയശേഷം ഉയരമുള്ള ഇടങ്ങളിലേക്ക് പോകേണ്ടത്.
4. ഉയരമുള്ള കെട്ടിടങ്ങളിൽത്തന്നെ കുടുങ്ങാൻ സാദ്ധ്യതയുള്ളവരും / ജീവിക്കുന്നവരും ആവശ്യത്തിന് മെഴുകുതിരികളും ഭക്ഷണസാധനങ്ങളും വെള്ളവും കരുതണം. അത്യാഹിത സമയത്ത് മറ്റുള്ളവർക്ക് അങ്ങോട്ട് കയറിച്ചെല്ലാനുള്ള അനുവാദം നൽകണം.
5. തെർമോകോൾ പോലുള്ള പൊങ്ങിക്കിടക്കുന്ന വസ്തുക്കൾ കൊണ്ട് മൂന്നോ നാലോ പേർക്ക് വരെ ഒരേസമയത്ത് ഉപയോഗിക്കാവുന്ന ഫ്ലോട്ടിങ്ങ് സംവിധാനങ്ങൾ സജ്ജമാക്കാവുന്നതാണ്. കുത്തിയൊലിച്ച് വരുന്ന വെള്ളത്തിൽ ഫ്ലോട്ടുകൾ ഉണ്ടായിട്ടോ നീന്തൽ അറിഞ്ഞിട്ടോ പ്രയോജനം ഉണ്ടാകണമെന്ന് ഒരു നിർബന്ധവുമില്ല. പക്ഷെ ദുരന്തത്തെ അതിജീവിക്കാൻ ആർക്കെങ്കിലുമൊക്കെ ആയാൽ, അതിനുശേഷം വെള്ളത്തിലൂടെ ഒരാൾക്ക് എന്തെങ്കിലും കാര്യത്തിന് മറ്റൊരിടത്തേക്ക് നീങ്ങണമെങ്കിൽ ഇത് പ്രയോജനപ്പെട്ടെന്ന് വരും.
6. നല്ല നീളത്തിലുള്ള അഴ കെട്ടാൻ ഉപയോഗിക്കുന്നതുപോലുള്ള കയറുകൾ കരുതുന്നത് നല്ലതാണ്. ദുരന്തം ഉണ്ടായതിന് ശേഷം പലപ്പോഴും ഇത്തരം കയറുകൾ വഴി ഭക്ഷണസാധനങ്ങൾ കെട്ടിടങ്ങളിൽ നിന്ന് കെട്ടിടങ്ങളിലേക്ക് കൈമാറ്റം ചെയ്യാനായിട്ടുണ്ടെന്ന് അനുഭവസമ്പന്നർ പറയുന്നു.
7. മുന്നറിയിപ്പ് കിട്ടിയ ഉടനെ വാഹനം എടുത്ത് റോഡിലൂടെ ഓടിച്ച് രക്ഷപ്പെടാമെന്ന് കരുതുന്നത് വ്യാമോഹമാണ്. നിമിഷനേരം കൊണ്ട് റോഡുകൾ വാഹനങ്ങളെക്കൊണ്ട് നിറഞ്ഞ് കവിഞ്ഞിരിക്കും. വാഹനങ്ങളിൽ നിന്ന് ഡോർ തുറന്ന് പുറത്തിറങ്ങാൻ പറ്റാത്ത തരത്തിൽ പെട്ടുപോയ സംഭവങ്ങൾ പലതും ചരിത്രത്താളുകളിൽ ഇന്നും നനവ് മാറാതെ കിടക്കുന്നുണ്ട്.
8. സർക്കാരിന്റെ ഭാഗത്തുനിന്ന് സുരക്ഷാ മുന്നറിയിപ്പുകൾക്കായുള്ള സജ്ജീകരണങ്ങൾ ചെയ്യുക. എന്തെല്ലാം സുരക്ഷാ സജ്ജീകരണങ്ങളാണ് തയ്യാറാക്കിയിരിക്കുന്നതെന്ന് ജനങ്ങളെ അറിയിക്കുക, അതിനനുസരിച്ച് പ്രവർത്തിക്കാൻ ജനങ്ങളെ ബോധവൽക്കരിക്കുക.
9. ദുരന്തമുണ്ടായാൽ കേന്ദ്രത്തിൽ നിന്ന് ഒരു നിർദ്ദേശത്തിന് കാത്തുനിൽക്കാതെ സത്വരനടപടികൾ സ്വീകരിക്കാൻ കൊച്ചി നാവികസേനയ്ക്ക് മുൻ‌കൂറായി ഉത്തരവാദിത്ത്വം നൽകുക.
10. നേവി, ഫയർ ഫോർസ്, പൊലീസ് എന്നിടങ്ങളിലെ ദുരന്ത നിവാരണ സെല്ലിന്റെ ഫോൺ നമ്പറുകൾ പബ്ലിഷ് ചെയ്യുക.

വെള്ളപ്പൊക്ക ദുരന്തം ഉണ്ടായതിനുശേഷം രക്ഷാപ്രവർത്തനങ്ങളിൽ പങ്കാളികൾ ആയവരിൽ നിന്നും ദുരന്തത്തിൽ അകപ്പെട്ടുപോയവരുമായുമൊക്കെ സംസാരിച്ച് കിട്ടിയ വിവരങ്ങളാണ് ഇപ്പറഞ്ഞതിനൊക്കെ ആധാരം. മുല്ലപ്പെരിയാറിലെ വെള്ളം ഏത് നിലയ്ക്ക് എങ്ങനെ എത്ര ഉയരത്തിലൊക്കെ വരുമെന്നോ ആരൊക്കെ അവശേഷിക്കുമെന്നോ പറയാൻ നമുക്കാർക്കും ആവില്ല. പക്ഷെ വലിയ തോതിലുള്ള ജലം കുറഞ്ഞ സമയം കൊണ്ട് ആർത്തലച്ചുവന്നാൽ, കനത്ത നാശനഷ്ടം വിതയ്ക്കുമെന്ന കാര്യം നിശ്ചയമാണ്. നമ്മൾ ചെയ്യാനുള്ള മുൻ‌കരുതലുകൾ എടുത്തേ തീരൂ, ചെയ്തേ തീരൂ. അതിലൊരു സങ്കോചമോ ജാള്യതയോ കാണിച്ചിട്ട് കാര്യമില്ല. ജപ്പാൻ പോലുള്ള രാജ്യങ്ങളിൽ സ്കൂൾ തലങ്ങളിൽ ഇതൊക്കെ പാഠ്യവിഷയമാണ്. അതിന്റേതായ ഗുണം അവർക്ക് ഉണ്ടാകുന്നുമുണ്ട്. ദുരന്തം ഉണ്ടായാൽത്തന്നെ ഫീനീക്സ് പക്ഷിയെപ്പോലെ അവർ ജീവിതത്തിലേക്ക് പറന്നുയർന്ന് വരുന്ന കാഴ്ച്ച നമ്മളെല്ലാം കണ്ടുകൊണ്ടിരിക്കുന്നതാണ്. സമ്പൂർണ്ണ സാക്ഷരരായ നമുക്കും സ്വയരക്ഷയ്ക്കായി എന്തുകൊണ്ട് ഇത്തരം കാര്യങ്ങൾ ചെയ്തുകൂടാ ?
ദുരന്തം ഉണ്ടാക്കിയേക്കാവുന്ന ഭീകരതയെപ്പറ്റി മനസ്സിലാക്കിയ കേരളത്തിലെ ഒരുപാട് ജനങ്ങൾ ഭീതിയുടെ നിഴലിലാണ് ഓരോ ദിവസവും കഴിച്ചുകൂട്ടുന്നത്. രക്ഷാമാർഗ്ഗങ്ങളെപ്പറ്റി മനസ്സിലാക്കാനും തയ്യാറെടുക്കാനും പറ്റിയാൽ അവരുടെ ഭയപ്പാടിന് ഒരു ആശ്വാസമാകുമെന്ന് തന്നെ കരുതാം. അതിനായുള്ള പ്രവർത്തനങ്ങളാണ് ഇനിയാവശ്യം. സുരക്ഷാനടപടികളും ദുരന്തനിവാരണ പദ്ധതികളുമൊക്കെ അറിഞ്ഞിരിക്കുന്നതുകൊണ്ടും പ്രാവർത്തികമാക്കുന്നതുകൊണ്ടും നഷ്ടമൊന്നും ആർക്കും വരുന്നില്ല. ഇന്നല്ലെങ്കിൽ നാളെ അതുമല്ലെങ്കിൽ അഞ്ചോ പത്തോ കൊല്ലം കഴിഞ്ഞിട്ടായാലും ഇത്തരം വിവരങ്ങൾ കൊണ്ട് പ്രയോജനമേ ഉണ്ടാകൂ.
മുകളിൽപ്പറയാൻ ശ്രമിച്ചിരിക്കുന്നത് അത്തരം ചില കാര്യങ്ങൾ മാത്രമാണ്. അതിലേക്ക് ഓരോരുത്തർക്ക് യുക്തമെന്ന് തോന്നുന്ന പുതിയ കാര്യങ്ങൾ എഴുതിച്ചേർക്കാം. ബോധവൽക്കരണമാണ് ഇനിയാവശ്യം. പുതിയ ഡാമിന്റെ പണി നാളെ തുടങ്ങിയാലും അഞ്ചോ പത്തോ കൊല്ലം കഴിഞ്ഞ് തുടങ്ങിയാലും മുകളിൽ‌പ്പറഞ്ഞ സുരക്ഷാ പ്രവർത്തനങ്ങൾക്ക് പ്രസക്തി നഷ്ടപ്പെടുന്നില്ല.

വാൽക്കഷണം:-
കോടതിയും ഭരണകൂടവുമൊക്കെ ഈ കേസ് ഇനിയും നീട്ടിക്കൊണ്ടുപോകുമെന്നാണ് ഇതുവരെയുള്ള ലക്ഷണങ്ങൾ. നമ്മുടെ ആയുസ്സ് നീട്ടിക്കൊണ്ടുപോകണമെങ്കിൽ നമ്മൾ തന്നെ മുൻ‌കൈ എടുത്തേ പറ്റൂ...

കടപ്പാട് : നിരക്ഷരന്‍
വിശദമായ വായനയ്ക്ക് സന്ദര്‍ശിക്കുക....
http://niraksharan.blogspot.com/

24 November, 2011

എന്താണ് ലോക്പാല്‍ ബില്‍ ..?




1991-ല്‍ അണ്ണാ ഹസാരെ ഭ്രഷ്‌ട്രാചാര്‍ വിരോധി ജന്‍ ആന്തോളന്‍ എന്ന പ്രസ്ഥാനം ആരംഭിച്ചു. പൊതുപ്രവര്‍ത്തകരുടേയും ഉദ്യോഗസ്ഥരുടേയും അഴിമതി പുറത്തു കൊണ്ടു വരികയും, അവര്‍ ഉചിതമായി ശിക്ഷിക്കപ്പെടുകയും വേണം എന്ന ഉദ്ദേശത്തോടെ ആരംഭിച്ച ഈ പ്രസ്ഥാനം മഹാരാഷ്‌ട്രയില്‍ ബി ജെ പി യുടേയും, ശിവസേനയുടേയും, എന്‍ സി പി യുടേയും, കോണ്‍ഗ്രസ്സിന്റേയും ഉറക്കം കെടുത്തി. അഴിമതിക്കെതിരെ ഇന്ത്യ (India Against Corruption) എന്ന പ്രസ്ഥാനവും ഏതെങ്കിലും രാഷ്‌ട്രീയ പാര്‍ട്ടിയോട് വിധേയത്വം പുലര്‍ത്തുന്ന ഒന്നല്ല. ഭരിക്കുന്നവരുടെ അഴിമതിക്കെതിരെ ഭരിക്കപ്പെടുന്നവരുടെ ഒരു പ്രസ്ഥാനമാണിത്. അത് ആവശ്യപ്പെടുന്നത് ശക്തമായ അഴിമതിവിരുദ്ധ നിയമങ്ങളാണ്. അതില്‍ ഏറ്റവും പ്രധാനമായതത്രേ ‘ ലോക്പാല്‍ ബില്‍ ’.


ആരാണ് ലോക്പാല്‍ ..?

ഓംബുഡ്സ്‌മാന്‍ എന്ന പദത്തിന്റെ ഭാരതീയപരിഭാഷയാണ് ലോക്പാല്‍ . ജനരക്ഷകന്‍ എന്ന് വേണമെങ്കില്‍ മലയാളത്തില്‍ പറയാം. 1968-മുതല്‍ പല പ്രാവശ്യം പാര്‍ലമെന്റിന്റെ പരിഗണനയ്‌ക്ക് വരികയും മാറ്റി വെയ്‌ക്കപ്പെടുകയും ചെയ്‌തിട്ടുള്ളതാണ് ലോക്പാല്‍ ബില്‍ . 2011 ഏപ്രില്‍ മാസത്തില്‍ അണ്ണാ ഹസാരെയുടെ ആദ്യനിരാഹാര സമരത്തിനു ശേഷം കേന്ദ്രസര്‍ക്കാര്‍ പൊതുസമൂഹത്തിലെ അംഗങ്ങളെ കൂടി ഉള്‍പ്പെടുത്തികൊണ്ട് ഒരു സംയുക്ത കമ്മിറ്റി ലോക്പാല്‍ ബില്ലിന്റെ കരട് തയ്യാറാക്കുന്നതിനായി നിയമിക്കുകയുണ്ടായി. അണ്ണാ ഹസാരെയുടെ നേതൃത്വത്തിലുള്ള പൊതുസമൂഹത്തിന്റെ ആവശ്യം ശക്തവും കാര്യക്ഷമവുമായ ഒരു ലോക്പാല്‍ ബില്‍ വേണമെന്നതാണ്. എന്നാല്‍ സര്‍ക്കാരാകട്ടെ സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ദുര്‍ബ്ബലമായ ഒരു ലോക്പാല്‍ ബില്‍ കൊണ്ടുവരാനാണ് ശ്രമിക്കുന്നത്. ലോക്പാലിന്റെ പരിധിയില്‍ പ്രധാനമന്ത്രിയും, പാര്‍ലമെന്റ് അംഗങ്ങളും, സര്‍ക്കാര്‍ ജീവനക്കാരും ജുഡീഷ്യറിയും വരുന്നതിന് സര്‍ക്കാര്‍ എതിരാണ്. മാത്രമല്ല ലോക്പാലിന് സ്വതന്ത്രമായി നിയമ – ശിക്ഷണ നടപടികള്‍ സ്വീകരിക്കുന്നതിനുള്ള വകുപ്പുകള്‍ വേണമെന്ന പൊതുസമൂഹത്തിന്റെ ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കുന്നില്ല. ഈ പരിതസ്ഥിതിയിലാണ് അണ്ണാ ഹസാരെ അദ്ദേഹത്തിന്റെ രണ്ടാമത്തെ ഉപവാസ സമരം തുടങ്ങിയത്. ഒരു ലോക്പാലിന്റെ നിയമനത്തോടെ അഴിമതി പൂര്‍ണ്ണമായി തുടച്ചുമാറ്റപ്പെടും എന്ന മിഥ്യാ ബോധം അണ്ണാ ഹസാരെയ്‌ക്കോ പൊതുസമൂഹത്തിനോ ഇല്ല. എന്നാല്‍ ശക്തമായ ഒരു ലോക്പാലിന്റെ കര്‍ശനദൃഷ്‌ടിയില്‍ ഇവിടത്തെ ഭരണസംവിധാനം വരുന്നത് അഴിമതി നിര്‍മ്മാര്‍ജ്ജനത്തിനുള്ള ഒരു പ്രധാന കാല്‍ വെപ്പായി പൊതുസമൂഹം കാണുന്നു.

സ്വതന്ത്രവും നിഷ്‌പക്ഷവും ശക്തവുമായ ലോക്പാല്‍ സംവിധാനത്തിനെതിരെ സര്‍ക്കാര്‍ നിലപാട് സ്വീകരിച്ചപ്പോള്‍ മാത്രമാണ് ഹസാരെ തന്റെ ജനപക്ഷസമരം തുടങ്ങിവച്ചത്. ഒരു മുഖ്യധാരാ രാഷ്ട്രീയക്കാരുമായും വേദി പങ്കിടാന്‍ ഹസാരെ വിസമ്മതിച്ചതും, പേശീബലവും കോര്‍പ്പറേറ്റ് സംഭാവനയും ഇല്ലാതെ ഇത്രയേറെ ജനങ്ങളെ സ്വമേധയാ തെരുവിലിറക്കിയതും, ഒരു കല്ലുപോലും എറിയാതെ സമരം നടത്തിയതും ഉപജീവനരാഷ്ട്രീയക്കാരെ ഭയപ്പെടുത്തുന്നുണ്ടോ..?

നിസ്വാര്‍ത്ഥത, സമര്‍പ്പണം, സഹകരണം ഇതാണല്ലോ കര്‍മ്മയോഗത്തിന്റെ മര്‍മ്മം. വിവേകാനന്ദ സ്വാമിയുടേയും മഹാത്മാഗാന്ധിയുടേയും വിനോബാ ഭാവയുടേയും പ്രവര്‍ത്തനങ്ങളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട കിസാന്‍ ബാബുറാവ് ഹസാരെ ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ നമ്മുടെ പ്രത്യാശയാണ്. 13 ദിവസങ്ങള്‍ നീണ്ടുനിന്ന അണ്ണാ സമരത്തില്‍ ഭാരതത്തിലെമ്പാടും ജനലക്ഷങ്ങള്‍ തെരുവിലിറങ്ങി പ്രകടനം നടത്തി. എന്നാല്‍ കല്ലേറോ, പൊതുമുതല്‍ നശീകരണമോ ഉണ്ടായില്ല. സമരം സത്യമെങ്കില്‍ ഹിംസയ്‌ക്കും അക്രമത്തിനും സ്ഥാനമില്ല എന്ന പാഠമെങ്കിലും മുഖ്യധാരാ രാഷ്ട്രീയക്കാര്‍ പഠിക്കുമോ..?

കടപ്പാട് : ഗുരുദേവന്‍ മാസിക

19 November, 2011

ആരാണ് ഈ ഹസാരെ..?

മഹാരാഷ്‌ട്രയില്‍ അഹമ്മദ് നഗര്‍ ജില്ലയില്‍ പൂനെ നഗരത്തില്‍ നിന്ന് സുമാര്‍ 100 കിലോമീറ്റര്‍ അകലെ റാലീഗന്‍ സിദ്ധി (Ralegon Siddhi) എന്ന് പേരുള്ള ഒരു ഗ്രാമമുണ്ട്. പാരിസ്ഥിതിക സംരക്ഷണ കാര്യത്തില്‍ ഒരു മാതൃകാ ഗ്രാമമാണ് റാലീഗന്‍ . 1975-മുതല്‍ സാമൂഹ്യ പ്രവര്‍ത്തകനായ അണ്ണാ ഹസാരെയുടെ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമാണ് ഈ ഗ്രാമം. വൃക്ഷങ്ങള്‍ നടുക, മണ്ണൊലിപ്പ് തടയാന്‍ ഭൂമിയെ തട്ടുകളായി തിരിക്കുക, മഴവെള്ള സംഭരണത്തിന് കനാലുകള്‍ കുഴിക്കുക, ഗ്രാമത്തിന്റെ ഊര്‍ജ്ജാവശ്യങ്ങള്‍ക്ക് സൌരോര്‍ജം, ബയോഗ്യാസ്, കാറ്റാടി യന്ത്രങ്ങള്‍ മുതലായവ ഉപയോഗിക്കുക ഇവയെല്ലാം അണ്ണാ ഹസാരെയുടെ നേതൃത്വത്തില്‍ 1970-കളില്‍ തന്നെ ഇവിടെ നടപ്പാക്കി. 36 വര്‍ഷം പിന്നിട്ടിരിക്കുന്ന ഈ വികസന മാതൃകയുടെ ഏറ്റവും വലിയ നേട്ടം പാരമ്പര്യേതര ഊര്‍ജ്ജസ്രോതസ്സുകളുടെ ഉപയോഗമാണ്. ഗ്രാമത്തിലെ നിരത്തു വിളക്കുകളെല്ലാം സൌരോര്‍ജ്ജത്തിലാണ് പ്രവര്‍ത്തിക്കുന്നത്. 400-ല്‍ ഏറെ വീടുകളും 2600 -ഓളം ഗ്രാമീണരും പൂര്‍ണ്ണമായ സ്വയം പര്യാപ്‌തതയില്‍ പുലരുന്ന ഏകഗ്രാമമാണ് റാലീഗാവ് സിദ്ധി. പില്ക്കാല ഖദര്‍ധാരികള്‍ മറന്ന മഹാത്മാ ഗാന്ധിയുടെ ഗ്രാമസ്വരാജിന്റെ സമര്‍ത്ഥവും പ്രായോഗികവുമായ പരീക്ഷണം.



1975-ല്‍ ഭാരതത്തിലെ ഏതൊരു ഗ്രാമവും പോലെ തന്നെയായിരുന്നു റാലീഗാവും. വര്‍ള്‍ച്ച, ദാരിദ്ര്യം, നിരക്ഷരത, വ്യാജമദ്യം, മറ്റ് സാമൂഹ്യതിന്മകളും ദുരിതങ്ങളും ഒക്കെ ഈ ഗ്രാമത്തിന്റെയും മുഖമുദ്രകളായിരുന്നു. ഗ്രാമീണരുടെ ഇടയില്‍ അവരില്‍ ഒരാളായി പ്രവര്‍ത്തിച്ച അണ്ണാ ഹസാരെ അവരെ സാമൂഹ്യ പ്രതിബദ്ധതയുള്ളവരാക്കി മാറ്റി.ഇന്ന് ഗ്രാമത്തില്‍ വെള്ളം സുലഭം. ധാന്യബാങ്ക് (Grain Bank), പാല്‍ ബാങ്ക് (Milk Bank), വിദ്യാലയം എല്ലാമുണ്ട്. ഈ ഗ്രാമത്തില്‍ നിന്ന് ദാരിദ്ര്യം പൂര്‍ണ്ണമായും നിര്‍മ്മാര്‍ജ്ജനം ചെയ്യപ്പെട്ടിരിക്കുന്നു.അങ്ങേയറ്റം ദാരിദ്ര്യം ബാധിച്ച ഒരു മേഖലയില്‍ സാമൂഹ്യബോധമുള്ള, ശരിയായ വികസന കാഴ്ചപ്പാടുള്ള സമ്പന്നമായ ഒരു ഗ്രാമത്തെ ഉണര്‍ത്തി യെടുത്ത അണ്ണാ ഹസാരെയെ ലോകബാങ്കിന്റെ പ്രതിനിധി സംഘം അഭിനന്ദിക്കുകയും ആദരിക്കുകയും ഉണ്ടായി.വിഭവസമാഹരണവും സമ്പദ് സൃഷ്‌ടിയും പ്രാദേശിക സമ്പദ് ഘടനയില്‍ നിന്നുതന്നെ സാധ്യമാണെന്ന് ഹസാരെയും റാലീഗാവിലെ നിരക്ഷരരായ ഗ്രാമീണരും കാട്ടി ക്കൊടുത്തു. കാല്‍ നൂറ്റാണ്ടിലേറെയായി ഈ മാതൃക വിജയകരമായി തുടരുന്നു. ഭാരതത്തിന് മൊത്തമായി ഈ വികസന മാതൃക സ്വീകരിക്കാവുന്നതാണ്.


കിസാന്‍ ബാബുറാവ് ഹസാരെ 1937 ജൂണ്‍ 15-ന് ജനിച്ചു. ഒരു ആയുര്‍വ്വേദ സ്ഥാപനത്തില്‍ കൂലിപ്പണിക്കാരനായിരുന്നു അച്‌ഛന്‍ . തനിക്ക് താഴെ 6 സഹോദരങ്ങള്‍ . കടുത്ത ദാരിദ്ര്യത്തില്‍ ഏഴാം ക്ലാസ്സില്‍ പഠനം അവസാനിപ്പിക്കേണ്ടി വന്നു. ജോലി തേടി ബോബെയില്‍ എത്തിയ ഹസാരെ ദാദറില്‍ പൂക്കള്‍ വിറ്റ് ഉപജീവനം തേടി. സ്വന്തമായി പൂക്കട തുടങ്ങിയപ്പോള്‍ അനുജന്മാരെ സഹായികളായി കൂട്ടി. 1962-ലെ ചൈനീസ് ആക്രമണത്തിന്റെ പശ്‌ചാത്തലത്തില്‍ നടന്ന അടിയന്തിര റിക്രൂട്ട്മെന്റില്‍ ശാരീരികക്ഷമത കുറവായിരുന്നു എങ്കിലും ഹസാരെയെ പട്ടാളത്തില്‍ എടുത്തു. 1963-ല്‍ പട്ടാളത്തില്‍ ട്രക്ക് ഡ്രൈവറായി. ഇന്ത്യാ പാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ ഖേംഖരന്‍ മേഖലയില്‍ 1965 നവംബര്‍ 12-ന് പാക് സൈന്യത്തിന്റെ ബോബാക്രമണത്തില്‍ തന്റെ കൂടെയുണ്ടായിരുന്ന എല്ലാ ജവാന്മാരും കൊല്ലപ്പെട്ടു. ശത്രുവിന്റെ വെടിയുണ്ട തലയില്‍ ഉരസി കടന്നുപോയെങ്കിലും ഹസാരെ മാത്രം രക്ഷപ്പെട്ടു. ഈ അനുഭവം മരണത്തേയും ജീവിതത്തേയും കൂറിച്ച് ചിന്തിക്കാന്‍ അദ്ദേഹത്തിന് പ്രേരണയായി. ഡല്‍ഹി റെയില്‍ വേ സ്‌റ്റേഷനില്‍ വച്ച് സ്വാമി വിവേകാനന്ദന്റെ ‘ദേശനിര്‍മ്മാണത്തിന് യുവത്വത്തോടുള്ള ആഹ്വാനം’ (Call to youth for nation building) എന്ന ചെറുഗ്രന്ഥം ഹസാരെയുടെ ശ്രദ്ധയില്‍ പെട്ടു. തുടര്‍ന്ന് വിവേകാനന്ദന്‍ , മഹാത്മാ ഗാന്ധി, വിനോബാജി എന്നിവരുടെ കൃതികളും ജീവിതവും അദ്ദേഹത്തെ സ്വാധീനിച്ചു. 1970-ല്‍ ഒരിക്കല്‍ കൂടി മരണം അദ്ദേഹത്തെ തഴുകി കടന്നുപോയി. ഇപ്രാവശ്യം ഒരു റോഡപകടമായിരുന്നു. ഈ അനുഭവം സാമൂഹ്യസേവനത്തിന് സ്വയം സമര്‍പ്പിക്കുവാനുള്ള പ്രേരണയെ ഒന്നുകൂടി ബലപ്പെടുത്തി. 1974-ല്‍ സൈനിക സേവനത്തില്‍ നിന്ന് സ്വയം വിരമിച്ച് അദ്ദേഹം ഭാരതീയ ജനതയ്‌ക്കായി സ്വയം സമര്‍പ്പിച്ചു.


തുടര്‍ന്നുള്ള ഹസാരെയുടെ ജീവിതം അധികാര രാഷ്‌ട്രീയത്തിനും, അഴിമതിക്കും ചൂഷണങ്ങള്‍ക്കും സാമൂഹിക അനാചാരങ്ങള്‍ക്കും, അവരുടെ സംരക്ഷകരായ രാഷ്‌ട്രീയ-ഉദ്യോഗസ്ഥ ദുഷ്‌പ്രഭുത്വത്തിനും എതിരെയുള്ള സന്ധിയില്ലാ സമരമായിരുന്നു. 2000-ല്‍ ഹസാരെയുടെ നിരന്തരമായ സമരങ്ങളുടെ ഫലമായിട്ടാണ് മഹാരാഷ്‌ട്ര വിവരാവകാശ നിയമം പാസ്സാക്കപ്പെട്ടത്. ഇതിന്റെ ചുവടുപിടിച്ചാണ് 2005-ല്‍ കേന്ദ്രസര്‍ക്കാര്‍ വിവരാവകാശ നിയമം പാസ്സാക്കിയത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ രേഖപ്പെടുത്തുന്ന ഫയല്‍ നോട്ടിങ്ങ് (File noting) വിവരാവകാശത്തിന്റെ പരിധിയില്‍ വരില്ല എന്ന ഭേദഗതി കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനമെടുത്തപ്പോള്‍ മരണം വരെ ഉപവാസഭീഷണി ഉയര്‍ത്തിയാണ് ഹസാരെ ആ തീരുമാനത്തെ തോല്‌പിച്ചത്. “അറിയാനുള്ള സ്വാതന്ത്ര്യമുണ്ടെങ്കില്‍ എല്ലാ അഴിമതിയും അവസാനിപ്പിക്കാനാകും” എന്നാണ് ഹസാരെ പ്രഖ്യാപിച്ചത്.


അവിവാഹിതനാണ് ഹസാരെ. സന്ത് യാദവ ബാബ ക്ഷേത്രത്തിനോട് ചേര്‍ന്നുള്ള ഒരു ചെറിയ മുറിയിലാണ് താമസം. 70,000 രൂപയില്‍ താഴെ മാത്രമാണ് സ്വന്തം പേരില്‍ ബാങ്കിലുള്ളത്. സ്വന്തമായുള്ള 15 സെന്റ് സ്ഥലം സഹോദരന്മാര്‍ക്ക് നല്‍കി. പട്ടാള സേവനപ്രതിഫലമായി ലഭിച്ച ഭൂമി ഗ്രാമത്തിന് ദാനം ചെയ്‌തു. സാമാന്യവിദ്യാഭ്യാസം പോലും കമ്മിയായ പട്ടാളത്തില്‍ നിന്ന് പിരിഞ്ഞ ‘നിര്‍ദ്ധനനും’ വൃദ്ധനുമായ ഈ ട്രക്ക് ഡ്രൈവര്‍ക്ക് എങ്ങനെ ഭാരതത്തിലെ അഭ്യസ്‌ത വിദ്യരായ, 'അരാഷ്ട്രീയക്കാരെന്ന് ' മുഖ്യധാരാ രാഷ്ട്രീയക്കാര്‍ അധിക്ഷേപിക്കുന്ന യുവതലമുറയുടെ പ്രതീക്ഷകള്‍ക്ക് ചിറക് നല്‍കാനും, അവരില്‍ പ്രത്യാശ ഉണര്‍ത്താനും സാധിച്ചു എന്ന് ഇപ്പോള്‍ വ്യക്തമല്ലേ..?


കടപ്പാട് : ഗുരുദേവന്‍ മാസിക

02 July, 2011

കടലിലെ ചൈനീസ് വന്‍‌മതില്‍..!!


വലുതായി കാണാന്‍ ചിത്രത്തില്‍ ക്ലിക്ക് ചെയ്യുക
കടപ്പാട് : കേരളകൌമുദി

18 May, 2011

കേരള നിയമസഭ : വനിതകള്‍ 7 / 141





വലുതായി കാണാന്‍ ചിത്രത്തില്‍ ക്ലിക്ക് ചെയ്യുക.

കടപ്പാട് : കേരളകൌമുദി

15 May, 2011

കേരളനിയമസഭ - 2011



വലുതായി കാണാന്‍ ചിത്രത്തില്‍ ക്ലിക്ക്‌ ചെയ്യുക

30 January, 2011

കേരളത്തില്‍‌ നിന്നുള്ള ലോകസഭാംഗങ്ങള്‍‌

വലുതായി കാണാന്‍‌ ചിത്രത്തില്‍‌ ക്ലിക്ക് ചെയ്യുക

12 January, 2011