02 December, 2011
എന്താണ് മുല്ലപ്പെരിയാർ പാട്ടക്കരാർ ?
പെരിയാറിന്റെ വൃഷ്ടിപ്രദേശത്ത് 8000 ഏക്കർ സ്ഥലത്തിനൊപ്പം 100 ഏക്കർ സ്ഥലം ഡാം നിർമ്മാണത്തിനും വിട്ടുകൊടുത്തുകൊണ്ട് തിരുവിതാംകൂറും മദ്രാസ് പ്രസിഡൻസിയും തമ്മിൽ 1886ൽ ആണ് മുല്ലപ്പെരിയാർ പാട്ടക്കരാർ ഒപ്പിടുന്നത്. 999കൊല്ലത്തേക്കായിരുന്നു കരാർ. (999 കൊല്ലത്തിന് ശേഷം വേണമെങ്കിൽ ഇനിയൊരു 999 കൊല്ലത്തേക്ക് കൂടെ കരാർ പുതുക്കാമെന്നും കരാറിൽ പറയുന്നുണ്ട്.) പക്ഷെ, 1947ൽ സ്വാതന്ത്ര്യം കിട്ടിയതോടെ ഇന്ത്യയൊട്ടാകെ ബ്രിട്ടീഷുകാർ വഴി ഉണ്ടാക്കപ്പെട്ട എല്ലാ കരാറുകളും സ്വാഭാവികമായും റദ്ദാക്കപ്പെട്ടു. പിന്നീട് സി.അച്ചുതമേനോന്റെ കാലത്ത് പാട്ടക്കരാറിലെ പഴയ വ്യവസ്ഥകൾ നിലനിർത്തിക്കൊണ്ടുതന്നെ ജലസേചനത്തിന് മാത്രമല്ല വൈദ്യുതി ഉൽപ്പാദനത്തിലും ജലം ഉപയോഗിക്കാമെന്ന നിബന്ധനങ്ങൾ മുൻകാലപ്രാബല്യത്തിൽ എഴുതിച്ചേർത്ത് പാട്ടക്കരാർ പുതുക്കി. 8000 ഏക്കറിന് 5 രൂപ എന്ന നിരക്കിൽ കേരളത്തിന് കിട്ടിയിരുന്ന തുക, 8000 ഏക്കറിന് 30 രൂപ എന്ന നിരക്കിൽ ആക്കി എന്നത് മാത്രമാണ് പുതുക്കിയ കരാറുകൊണ്ട് കേരളത്തിനുണ്ടായ നേട്ടം. കരാർ വ്യവസ്ഥകളുടെ അടിസ്ഥാനത്തിൽ പറഞ്ഞാൽ ഡാം കേരളത്തിന്റെ ഭൂമിയിൽ ആണെങ്കിലും അതിന്റെ ഉടമസ്ഥർ തമിഴ്‌നാടാണ്.
ഡാമിന്റെ ജാതകം
1886 ൽ അണക്കെട്ട് നിർമ്മാണം ആരംഭിച്ചു. ചുണ്ണാമ്പ്, കല്ല്, ചരൽ, സുർക്കി(ചുണ്ണാമ്പും ചരലും ചേത്ത് ചുട്ടെടുക്കുന്ന ഇഷ്ടിക പോലുള്ള വസ്തു.) എന്നിവ ഉപയോഗിച്ചാണ് ഡാം നിർമ്മിച്ചിരിക്കുന്നത്. 1876 ൽ ഒരുപാട് പ്രതിസന്ധികൾ തരണം ചെയ്തുകൊണ്ട് പെന്നി ക്വിക്ക് എന്ന എഞ്ചിനീയറുടെ നേതൃത്വത്തിൽ ഡാംനിർമ്മാണാം പൂർത്തിയാക്കപ്പെട്ടു. 442 പേരോളം നിർമ്മാണപ്രവർത്തനങ്ങൾക്കിടയിൽ പല കാരണങ്ങളാൽ കൊല്ലപ്പെട്ടു. നിർമ്മാണ കാലഘട്ടത്ത് തന്നെ 50 കൊല്ലം മാത്രമാണ് ഡാമിന് ആയുസ്സ് കൽപ്പിച്ചിരുന്നത്. ആ കാലയളവും കഴിഞ്ഞ് 66 കൊല്ലം കൂടെ തരണം ചെയ്ത ഡാമിന്റെ ഇപ്പോഴത്തെ പ്രായം 116 കൊല്ലമാണ്. തമിഴ് നാടിന് വെള്ളം കൊടുക്കുക എന്ന ഉദ്ദേശത്തോടെ മാത്രം ഉണ്ടാക്കിയ അണക്കെട്ട് ആയതുകൊണ്ട് ഇതിന് ഷട്ടറുകൾ ഇല്ല.
സോഹന്‍ റോയ് ഒരുക്കിയ 'ജലബോംബുകള്‍' (മലയാളം ഡോക്യുമെന്ററി) ഇവിടെ കാണാം....
ഡാമിന്റെ ഇപ്പോഴത്തെ അവസ്ഥയും കേസും
ഡാമിന്റെ ബലക്ഷയം ഉണ്ടെന്ന് പഠനങ്ങൾ തെളിയിച്ചപ്പോൾ സുരക്ഷാ നടപടിയായി ജലനിരപ്പ് കുറക്കേണ്ടത് ആവശ്യമാകുകയും അതേച്ചൊല്ലിയുള്ള തർക്കങ്ങൾ കോടതിയിലേക്ക് നീങ്ങുകയും ചെയ്തു. പുതിയ ഡാം ഉണ്ടാക്കണം എന്ന ആവശ്യമാണ് കേരളത്തിന്റെ ഭാഗത്തുനിന്ന് ഉയർന്നത്. പുതിയ ഡാം ഉണ്ടാക്കി ഇപ്പോൾ നൽകുന്ന അത്രയുമോ അല്ലെങ്കിൽ മുല്ലപ്പെരിയാറിലെ മുഴുവൻ വെള്ളമോ തമിഴ്‌നാടിന് നൽകാമെന്ന് കേരളം ഇപ്പോഴും ഉറപ്പ് നൽകുന്നുവെങ്കിലും തമിഴ്‌നാട് വഴങ്ങുന്നില്ല. തങ്ങൾക്ക് വെള്ളം നിഷേധിക്കുകയാണ് എന്ന രീതിയിലുള്ള പ്രചരണമാണ് അവർ അഴിച്ചുവിടുന്നത്. സുപ്രീം കോടതി നിയമിച്ച ഉന്നതാധികാര സമിതിക്ക് മുന്നിൽ, നാളെ നാളെ നീളെ നീളെ എന്ന മട്ടിൽ കേസ് ഇഴഞ്ഞ് നീങ്ങിക്കൊണ്ടിരിക്കുന്നു. ഇക്കാലത്തിനിടയ്ക്ക് ബലം വർദ്ധിപ്പിക്കാനായി പല തരത്തിലുള്ള പ്രവർത്തനങ്ങൾ ഡാമിൽ നടന്നിട്ടുണ്ട്. അതിൽ കേബിൾ ഹാങ്കറിങ്ങ് പോലുള്ള കാര്യങ്ങൾ ഡാമിന്റെ ബലക്ഷയത്തിന് കാരണമായി ഭവിക്കുകയാണ് ഉണ്ടായിട്ടുള്ളത്. ദിനംപ്രതി ഡാമിന്റെ ബലം ക്ഷയിച്ചുകൊണ്ടിരിക്കുന്നു. കൂനിന്മേൽ കുരു എന്നതുപോലെ തുടർ ഭൂചലനങ്ങളും വരാൻ തുടങ്ങിയതോടെ ഡാമിൽ വിള്ളലുകൾ ഉണ്ടാകുകയും ആ വിള്ളലുകൾ വലുതാകുകയും ചെയ്തു. കഴിഞ്ഞ കുറെ ദിവസമായി തുടരുന്ന മഴ കാരണം ഡാമിലേക്കുള്ള നീരൊഴുക്ക് റെക്കോഡ് ഇട്ടിരിക്കുകയാണ്. അണക്കെട്ട് തകർന്നാലുള്ള ഗുരുതരാവസ്ഥ പ്രവചനാതീതമാണ്. പെട്ടെന്ന് തന്നെ വെള്ളം തുറന്ന് വിട്ട് അപകട സാദ്ധ്യത ഒഴിവാക്കാനുള്ള മാർഗ്ഗങ്ങളുമില്ല. വളരെ സമയം എടുത്ത് ഡീ-കമ്മീഷൻ ചെയ്യുക, അതുവരെ ജലനിരപ്പ് പരമാവധി താഴ്‌ത്തി വെക്കുക എന്നത് മാത്രമാണ് സുരക്ഷിതമായ നടപടി. റിൿടർ സ്കെയിലിൽ 6 കാണിക്കുന്ന ഒരു ഭൂകമ്പത്തെ താങ്ങാൻ മുല്ലപ്പെരിയാർ അണക്കെട്ടിന് ആയെന്ന് വരില്ല.
ഡാം തകർന്നാൽ...
1. കേരളത്തിലെ അഞ്ച് ജില്ലകൾ ഭാഗികമായോ പൂർണ്ണമായോ വെള്ളത്തിനടിയിലാകും.
2. കേരളം തന്നെ രണ്ടായി വിഭജിക്കപ്പെട്ടെന്ന് വരാം.3. മുല്ലപ്പെരിയാർ ഡാം പൊട്ടി അതിലെ വെള്ളം മുഴുവൻ താങ്ങാനാകാതെ ഇടുക്കി ഡാം കൂടെ പൊട്ടിയാൽ കേരളം ഇരുട്ടിലാകും.
4. അഞ്ച് ജില്ലകളിലായി 35 ലക്ഷത്തോളം വരുന്ന ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണി.
5. ഡാം തകർന്നാൽ അതിന്റെ വിപത്തുകളിൽ നിന്ന് കര കയറാൻ 15 വർഷമെങ്കിലും കേരള സംസ്ഥാനം എടുക്കും.
6. ഡാം തകർന്നാൽ അതിലെ ജലം ഉപയോഗിച്ച് കൃഷി ചെയ്യുന്ന തമിഴ്‌നാട്ടിലെ 5 ജില്ലകളിളും പട്ടിണിയിലേക്ക് നീങ്ങും.
7. ഇതിനൊക്കെ പുറമേ, ഉണ്ടാകാൻ പോകുന്ന മഹാമാരികൾ, രോഗങ്ങൾ, പട്ടിണി, തൊഴിലില്ലായ്‌മ എന്നീ കാര്യങ്ങളുടെ ഭീകരതയെക്കുറിച്ച് കൃത്യമായി ഒരു ചിത്രം ആർക്കും സങ്കൽപ്പിക്കാൻ പോലുംആവില്ല.
നമുക്ക് എന്തൊക്കെ ചെയ്യാനാകും ?
1. ഡാമിന്റെ അവസ്ഥയെപ്പറ്റി ജനങ്ങളെ ബോധവൽക്കരിക്കുക. ഒരാൾ ഏറ്റവും കുറഞ്ഞത് 2 പേരെയെങ്കിലും നിജസ്ഥിതി പറഞ്ഞ് മനസ്സിലാക്കുക.
2. പുതിയ ഡാമിന്റെ പണി ഉടൻ തുടങ്ങാനായി സമ്മർദ്ദം ചെലുത്തിക്കൊണ്ട് ഹർത്താൽ ഒഴിയെയുള്ള എല്ലാത്തരം പ്രക്ഷോഭങ്ങളും സംഘടിപ്പിക്കുക.3. പുതിയ ഡാം പണി തുടങ്ങുന്നത് വരെ, താൽക്കാലിക സുരക്ഷ ഉറപ്പ് വരുത്താനായി ഡാമിലെ ജലനിരപ്പ് 120 അടിയോ അതിൽ താഴെയോ ആക്കാൻ പരിശ്രമിക്കുക, സമ്മർദ്ദം ചെലുത്തുക
.4. തമിഴ്‌നാടിന് വെള്ളം കൊടുക്കില്ല എന്ന് കേരളം പറയുന്നില്ല. ഇക്കാര്യം വളരെ വ്യക്തമായും സൌമ്യമായും തമിഴ് സഹോദരങ്ങളെ പറഞ്ഞ് മനസ്സിലാക്കുക.5. എല്ലാ സ്കൂളുകളിലും കോളേജുകളിലും അടിയന്തിരമായി ഈ വിഷയം കുട്ടികളെ പറഞ്ഞ് മനസ്സിലാക്കുക.
6. ഏതൊക്കെ പൊതു ചടങ്ങുകൾ ഉണ്ടോ അവിടെയെല്ലാം ഈ വിഷയത്തിന്റെ ഭീകരാവസ്ഥ ജനങ്ങളിലേക്കെത്തിക്കാൻ വേണ്ടി 15 മിനിറ്റെങ്കിലും വിനിയോഗിക്കുക.തർക്കങ്ങളെല്ലാം തീർത്ത്, നാളെ മുതൽ പുതിയ അണക്കെട്ടിന്റെ നിർമ്മാണപ്രവർത്തനം ആരംഭിച്ചാൽപ്പോലും, ഇപ്പോൾ ഉണ്ടായിക്കൊണ്ടിരിക്കുന്ന തുടർ ഭൂചലനങ്ങളുടെ ഭാഗമായി എന്തെങ്കിലും അത്യാഹിതം സംഭവിക്കാനുള്ള സാദ്ധ്യതകൾ തള്ളിക്കളയാനാവില്ല. അങ്ങനെ എന്തെങ്കിലും അനിഷ്ടം സംഭവിച്ചാൽ എന്തൊക്കെ രക്ഷാമാർഗ്ഗങ്ങൾ സ്വീകരിക്കാം, അതിനായി എന്തൊക്കെ മുൻകരുതലുകൾ ആവശ്യമുണ്ട് എന്നെല്ലാം ഏവരും അറിഞ്ഞിരിക്കേണ്ടതാണ്. ഈവക കാര്യങ്ങൾ മുല്ലപ്പെരിയാർ ഡാം പൊട്ടിയാൽ മാത്രമല്ല, ഒരു സാധാരണ വെള്ളപ്പൊക്കം ഉണ്ടായാലും നമ്മൾ പ്രാവർത്തികമാക്കേണ്ടതാണ്. സ്ഥിരമായി അത്തരം പ്രകൃതിക്ഷോഭങ്ങൾ ഉണ്ടാകുന്ന നാടല്ല നമ്മുടേതെങ്കിലും ഇത്തരം കാര്യങ്ങൾ അറിഞ്ഞിരുന്നാൽ, ഇനിയങ്ങോട്ട് എന്നെങ്കിലും പ്രയോജനപ്പെടാതിരിക്കില്ല.സുരക്ഷാനടപടികൾ.
1. എപ്പോഴും അപകടമുന്നറിയിപ്പുകൾക്കായി റേഡിയോ, ടീവീ എന്നിവ മാദ്ധ്യമങ്ങൾ ശ്രദ്ധീച്ചുകൊണ്ടേയിരിക്കുക.
2. രക്ഷപ്പെട്ട് കയറി നിൽക്കാൻ പറ്റുന്ന ഉയരമുള്ള കെട്ടിടങ്ങളും പ്രദേശങ്ങളും മുന്നറിയിപ്പ് കിട്ടുന്നതിന് മുന്നേ തന്നെ നോട്ടമിട്ട് വെക്കുക; അവിടേക്ക് കയറാനുള്ള അനുവാദം നേരത്തേ കൂട്ടി വാങ്ങി വെക്കുക.
3. ദുരന്തം ഉണ്ടായാൽ വെള്ളം എത്ര നേരം കൊണ്ട് ഒഴിഞ്ഞുപോകും? എത്ര നേരം കെട്ടിക്കിടക്കും ? ഒഴിഞ്ഞ് പോയാലും നിരത്തിലിറങ്ങി നടക്കാനോ പഴയത് പോലെ ജീവിക്കാനോ പറ്റുമോ എന്ന കാര്യങ്ങളൊക്കെ നമ്മുടെ ചിന്തയ്ക്ക് അതീതമാണ്. ഒരടിക്ക് മുകളിൽ ചെളി കെട്ടി നിന്നാൽപ്പോലും രക്ഷാപ്രവർത്തനങ്ങൾക്കും ഭക്ഷണവിതരണത്തിനുമൊക്കെ കാലതാമസം ഉണ്ടാകും. ഒന്നോ രണ്ടോ ദിവസത്തേയ്ക്കുള്ള വെള്ളവും ഭക്ഷണവും സജ്ജമാക്കി വെക്കുക. കുറേ വെള്ളം അത്യാവശ്യം ഭക്ഷണം എന്നിവ എപ്പോഴും കരുതി വെക്കുക. കുറേയധികം ദിവസങ്ങൾ കേടുകൂടാതെ ഇരിക്കുന്ന ഏത് ഭക്ഷണവും കരുതാം. ഇത്രയും സാധനങ്ങളുമായിട്ടായിരിക്കണം മുന്നറിയിപ്പ് കിട്ടിയശേഷം ഉയരമുള്ള ഇടങ്ങളിലേക്ക് പോകേണ്ടത്.
4. ഉയരമുള്ള കെട്ടിടങ്ങളിൽത്തന്നെ കുടുങ്ങാൻ സാദ്ധ്യതയുള്ളവരും / ജീവിക്കുന്നവരും ആവശ്യത്തിന് മെഴുകുതിരികളും ഭക്ഷണസാധനങ്ങളും വെള്ളവും കരുതണം. അത്യാഹിത സമയത്ത് മറ്റുള്ളവർക്ക് അങ്ങോട്ട് കയറിച്ചെല്ലാനുള്ള അനുവാദം നൽകണം.
5. തെർമോകോൾ പോലുള്ള പൊങ്ങിക്കിടക്കുന്ന വസ്തുക്കൾ കൊണ്ട് മൂന്നോ നാലോ പേർക്ക് വരെ ഒരേസമയത്ത് ഉപയോഗിക്കാവുന്ന ഫ്ലോട്ടിങ്ങ് സംവിധാനങ്ങൾ സജ്ജമാക്കാവുന്നതാണ്. കുത്തിയൊലിച്ച് വരുന്ന വെള്ളത്തിൽ ഫ്ലോട്ടുകൾ ഉണ്ടായിട്ടോ നീന്തൽ അറിഞ്ഞിട്ടോ പ്രയോജനം ഉണ്ടാകണമെന്ന് ഒരു നിർബന്ധവുമില്ല. പക്ഷെ ദുരന്തത്തെ അതിജീവിക്കാൻ ആർക്കെങ്കിലുമൊക്കെ ആയാൽ, അതിനുശേഷം വെള്ളത്തിലൂടെ ഒരാൾക്ക് എന്തെങ്കിലും കാര്യത്തിന് മറ്റൊരിടത്തേക്ക് നീങ്ങണമെങ്കിൽ ഇത് പ്രയോജനപ്പെട്ടെന്ന് വരും.
6. നല്ല നീളത്തിലുള്ള അഴ കെട്ടാൻ ഉപയോഗിക്കുന്നതുപോലുള്ള കയറുകൾ കരുതുന്നത് നല്ലതാണ്. ദുരന്തം ഉണ്ടായതിന് ശേഷം പലപ്പോഴും ഇത്തരം കയറുകൾ വഴി ഭക്ഷണസാധനങ്ങൾ കെട്ടിടങ്ങളിൽ നിന്ന് കെട്ടിടങ്ങളിലേക്ക് കൈമാറ്റം ചെയ്യാനായിട്ടുണ്ടെന്ന് അനുഭവസമ്പന്നർ പറയുന്നു.
7. മുന്നറിയിപ്പ് കിട്ടിയ ഉടനെ വാഹനം എടുത്ത് റോഡിലൂടെ ഓടിച്ച് രക്ഷപ്പെടാമെന്ന് കരുതുന്നത് വ്യാമോഹമാണ്. നിമിഷനേരം കൊണ്ട് റോഡുകൾ വാഹനങ്ങളെക്കൊണ്ട് നിറഞ്ഞ് കവിഞ്ഞിരിക്കും. വാഹനങ്ങളിൽ നിന്ന് ഡോർ തുറന്ന് പുറത്തിറങ്ങാൻ പറ്റാത്ത തരത്തിൽ പെട്ടുപോയ സംഭവങ്ങൾ പലതും ചരിത്രത്താളുകളിൽ ഇന്നും നനവ് മാറാതെ കിടക്കുന്നുണ്ട്.
8. സർക്കാരിന്റെ ഭാഗത്തുനിന്ന് സുരക്ഷാ മുന്നറിയിപ്പുകൾക്കായുള്ള സജ്ജീകരണങ്ങൾ ചെയ്യുക. എന്തെല്ലാം സുരക്ഷാ സജ്ജീകരണങ്ങളാണ് തയ്യാറാക്കിയിരിക്കുന്നതെന്ന് ജനങ്ങളെ അറിയിക്കുക, അതിനനുസരിച്ച് പ്രവർത്തിക്കാൻ ജനങ്ങളെ ബോധവൽക്കരിക്കുക.
9. ദുരന്തമുണ്ടായാൽ കേന്ദ്രത്തിൽ നിന്ന് ഒരു നിർദ്ദേശത്തിന് കാത്തുനിൽക്കാതെ സത്വരനടപടികൾ സ്വീകരിക്കാൻ കൊച്ചി നാവികസേനയ്ക്ക് മുൻകൂറായി ഉത്തരവാദിത്ത്വം നൽകുക.
10. നേവി, ഫയർ ഫോർസ്, പൊലീസ് എന്നിടങ്ങളിലെ ദുരന്ത നിവാരണ സെല്ലിന്റെ ഫോൺ നമ്പറുകൾ പബ്ലിഷ് ചെയ്യുക.
വെള്ളപ്പൊക്ക ദുരന്തം ഉണ്ടായതിനുശേഷം രക്ഷാപ്രവർത്തനങ്ങളിൽ പങ്കാളികൾ ആയവരിൽ നിന്നും ദുരന്തത്തിൽ അകപ്പെട്ടുപോയവരുമായുമൊക്കെ സംസാരിച്ച് കിട്ടിയ വിവരങ്ങളാണ് ഇപ്പറഞ്ഞതിനൊക്കെ ആധാരം. മുല്ലപ്പെരിയാറിലെ വെള്ളം ഏത് നിലയ്ക്ക് എങ്ങനെ എത്ര ഉയരത്തിലൊക്കെ വരുമെന്നോ ആരൊക്കെ അവശേഷിക്കുമെന്നോ പറയാൻ നമുക്കാർക്കും ആവില്ല. പക്ഷെ വലിയ തോതിലുള്ള ജലം കുറഞ്ഞ സമയം കൊണ്ട് ആർത്തലച്ചുവന്നാൽ, കനത്ത നാശനഷ്ടം വിതയ്ക്കുമെന്ന കാര്യം നിശ്ചയമാണ്. നമ്മൾ ചെയ്യാനുള്ള മുൻകരുതലുകൾ എടുത്തേ തീരൂ, ചെയ്തേ തീരൂ. അതിലൊരു സങ്കോചമോ ജാള്യതയോ കാണിച്ചിട്ട് കാര്യമില്ല. ജപ്പാൻ പോലുള്ള രാജ്യങ്ങളിൽ സ്കൂൾ തലങ്ങളിൽ ഇതൊക്കെ പാഠ്യവിഷയമാണ്. അതിന്റേതായ ഗുണം അവർക്ക് ഉണ്ടാകുന്നുമുണ്ട്. ദുരന്തം ഉണ്ടായാൽത്തന്നെ ഫീനീക്സ് പക്ഷിയെപ്പോലെ അവർ ജീവിതത്തിലേക്ക് പറന്നുയർന്ന് വരുന്ന കാഴ്ച്ച നമ്മളെല്ലാം കണ്ടുകൊണ്ടിരിക്കുന്നതാണ്. സമ്പൂർണ്ണ സാക്ഷരരായ നമുക്കും സ്വയരക്ഷയ്ക്കായി എന്തുകൊണ്ട് ഇത്തരം കാര്യങ്ങൾ ചെയ്തുകൂടാ ?
ദുരന്തം ഉണ്ടാക്കിയേക്കാവുന്ന ഭീകരതയെപ്പറ്റി മനസ്സിലാക്കിയ കേരളത്തിലെ ഒരുപാട് ജനങ്ങൾ ഭീതിയുടെ നിഴലിലാണ് ഓരോ ദിവസവും കഴിച്ചുകൂട്ടുന്നത്. രക്ഷാമാർഗ്ഗങ്ങളെപ്പറ്റി മനസ്സിലാക്കാനും തയ്യാറെടുക്കാനും പറ്റിയാൽ അവരുടെ ഭയപ്പാടിന് ഒരു ആശ്വാസമാകുമെന്ന് തന്നെ കരുതാം. അതിനായുള്ള പ്രവർത്തനങ്ങളാണ് ഇനിയാവശ്യം. സുരക്ഷാനടപടികളും ദുരന്തനിവാരണ പദ്ധതികളുമൊക്കെ അറിഞ്ഞിരിക്കുന്നതുകൊണ്ടും പ്രാവർത്തികമാക്കുന്നതുകൊണ്ടും നഷ്ടമൊന്നും ആർക്കും വരുന്നില്ല. ഇന്നല്ലെങ്കിൽ നാളെ അതുമല്ലെങ്കിൽ അഞ്ചോ പത്തോ കൊല്ലം കഴിഞ്ഞിട്ടായാലും ഇത്തരം വിവരങ്ങൾ കൊണ്ട് പ്രയോജനമേ ഉണ്ടാകൂ.
മുകളിൽപ്പറയാൻ ശ്രമിച്ചിരിക്കുന്നത് അത്തരം ചില കാര്യങ്ങൾ മാത്രമാണ്. അതിലേക്ക് ഓരോരുത്തർക്ക് യുക്തമെന്ന് തോന്നുന്ന പുതിയ കാര്യങ്ങൾ എഴുതിച്ചേർക്കാം. ബോധവൽക്കരണമാണ് ഇനിയാവശ്യം. പുതിയ ഡാമിന്റെ പണി നാളെ തുടങ്ങിയാലും അഞ്ചോ പത്തോ കൊല്ലം കഴിഞ്ഞ് തുടങ്ങിയാലും മുകളിൽപ്പറഞ്ഞ സുരക്ഷാ പ്രവർത്തനങ്ങൾക്ക് പ്രസക്തി നഷ്ടപ്പെടുന്നില്ല.
വാൽക്കഷണം:-
കോടതിയും ഭരണകൂടവുമൊക്കെ ഈ കേസ് ഇനിയും നീട്ടിക്കൊണ്ടുപോകുമെന്നാണ് ഇതുവരെയുള്ള ലക്ഷണങ്ങൾ. നമ്മുടെ ആയുസ്സ് നീട്ടിക്കൊണ്ടുപോകണമെങ്കിൽ നമ്മൾ തന്നെ മുൻകൈ എടുത്തേ പറ്റൂ...
കടപ്പാട് : നിരക്ഷരന്‍
വിശദമായ വായനയ്ക്ക് സന്ദര്‍ശിക്കുക....
http://niraksharan.blogspot.com/
Subscribe to:
Post Comments (Atom)
No comments:
Post a Comment