1991-ല്‍ അണ്ണാ ഹസാരെ ഭ്രഷ്‌ട്രാചാര്‍ വിരോധി ജന്‍ ആന്തോളന്‍ എന്ന പ്രസ്ഥാനം ആരംഭിച്ചു. പൊതുപ്രവര്‍ത്തകരുടേയും ഉദ്യോഗസ്ഥരുടേയും അഴിമതി പുറത്തു കൊണ്ടു വരികയും, അവര്‍ ഉചിതമായി ശിക്ഷിക്കപ്പെടുകയും വേണം എന്ന ഉദ്ദേശത്തോടെ ആരംഭിച്ച ഈ പ്രസ്ഥാനം മഹാരാഷ്‌ട്രയില്‍ ബി ജെ പി യുടേയും, ശിവസേനയുടേയും, എന്‍ സി പി യുടേയും, കോണ്‍ഗ്രസ്സിന്റേയും ഉറക്കം കെടുത്തി. അഴിമതിക്കെതിരെ ഇന്ത്യ (India Against Corruption) എന്ന പ്രസ്ഥാനവും ഏതെങ്കിലും രാഷ്‌ട്രീയ പാര്‍ട്ടിയോട് വിധേയത്വം പുലര്‍ത്തുന്ന ഒന്നല്ല. ഭരിക്കുന്നവരുടെ അഴിമതിക്കെതിരെ ഭരിക്കപ്പെടുന്നവരുടെ ഒരു പ്രസ്ഥാനമാണിത്. അത് ആവശ്യപ്പെടുന്നത് ശക്തമായ അഴിമതിവിരുദ്ധ നിയമങ്ങളാണ്. അതില്‍ ഏറ്റവും പ്രധാനമായതത്രേ ‘ ലോക്പാല്‍ ബില്‍ ’.
ആരാണ് ലോക്പാല്‍ ..?
ഓംബുഡ്സ്‌മാന്‍ എന്ന പദത്തിന്റെ ഭാരതീയപരിഭാഷയാണ് ലോക്പാല്‍ . ജനരക്ഷകന്‍ എന്ന് വേണമെങ്കില്‍ മലയാളത്തില്‍ പറയാം. 1968-മുതല്‍ പല പ്രാവശ്യം പാര്‍ലമെന്റിന്റെ പരിഗണനയ്‌ക്ക് വരികയും മാറ്റി വെയ്‌ക്കപ്പെടുകയും ചെയ്‌തിട്ടുള്ളതാണ് ലോക്പാല്‍ ബില്‍ . 2011 ഏപ്രില്‍ മാസത്തില്‍ അണ്ണാ ഹസാരെയുടെ ആദ്യനിരാഹാര സമരത്തിനു ശേഷം കേന്ദ്രസര്‍ക്കാര്‍ പൊതുസമൂഹത്തിലെ അംഗങ്ങളെ കൂടി ഉള്‍പ്പെടുത്തികൊണ്ട് ഒരു സംയുക്ത കമ്മിറ്റി ലോക്പാല്‍ ബില്ലിന്റെ കരട് തയ്യാറാക്കുന്നതിനായി നിയമിക്കുകയുണ്ടായി. അണ്ണാ ഹസാരെയുടെ നേതൃത്വത്തിലുള്ള പൊതുസമൂഹത്തിന്റെ ആവശ്യം ശക്തവും കാര്യക്ഷമവുമായ ഒരു ലോക്പാല്‍ ബില്‍ വേണമെന്നതാണ്. എന്നാല്‍ സര്‍ക്കാരാകട്ടെ സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ദുര്‍ബ്ബലമായ ഒരു ലോക്പാല്‍ ബില്‍ കൊണ്ടുവരാനാണ് ശ്രമിക്കുന്നത്. ലോക്പാലിന്റെ പരിധിയില്‍ പ്രധാനമന്ത്രിയും, പാര്‍ലമെന്റ് അംഗങ്ങളും, സര്‍ക്കാര്‍ ജീവനക്കാരും ജുഡീഷ്യറിയും വരുന്നതിന് സര്‍ക്കാര്‍ എതിരാണ്. മാത്രമല്ല ലോക്പാലിന് സ്വതന്ത്രമായി നിയമ – ശിക്ഷണ നടപടികള്‍ സ്വീകരിക്കുന്നതിനുള്ള വകുപ്പുകള്‍ വേണമെന്ന പൊതുസമൂഹത്തിന്റെ ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കുന്നില്ല. ഈ പരിതസ്ഥിതിയിലാണ് അണ്ണാ ഹസാരെ അദ്ദേഹത്തിന്റെ രണ്ടാമത്തെ ഉപവാസ സമരം തുടങ്ങിയത്. ഒരു ലോക്പാലിന്റെ നിയമനത്തോടെ അഴിമതി പൂര്‍ണ്ണമായി തുടച്ചുമാറ്റപ്പെടും എന്ന മിഥ്യാ ബോധം അണ്ണാ ഹസാരെയ്‌ക്കോ പൊതുസമൂഹത്തിനോ ഇല്ല. എന്നാല്‍ ശക്തമായ ഒരു ലോക്പാലിന്റെ കര്‍ശനദൃഷ്‌ടിയില്‍ ഇവിടത്തെ ഭരണസംവിധാനം വരുന്നത് അഴിമതി നിര്‍മ്മാര്‍ജ്ജനത്തിനുള്ള ഒരു പ്രധാന കാല്‍ വെപ്പായി പൊതുസമൂഹം കാണുന്നു.
സ്വതന്ത്രവും നിഷ്‌പക്ഷവും ശക്തവുമായ ലോക്പാല്‍ സംവിധാനത്തിനെതിരെ സര്‍ക്കാര്‍ നിലപാട് സ്വീകരിച്ചപ്പോള്‍ മാത്രമാണ് ഹസാരെ തന്റെ ജനപക്ഷസമരം തുടങ്ങിവച്ചത്. ഒരു മുഖ്യധാരാ രാഷ്ട്രീയക്കാരുമായും വേദി പങ്കിടാന്‍ ഹസാരെ വിസമ്മതിച്ചതും, പേശീബലവും കോര്‍പ്പറേറ്റ് സംഭാവനയും ഇല്ലാതെ ഇത്രയേറെ ജനങ്ങളെ സ്വമേധയാ തെരുവിലിറക്കിയതും, ഒരു കല്ലുപോലും എറിയാതെ സമരം നടത്തിയതും ഉപജീവനരാഷ്ട്രീയക്കാരെ ഭയപ്പെടുത്തുന്നുണ്ടോ..?
നിസ്വാര്‍ത്ഥത, സമര്‍പ്പണം, സഹകരണം ഇതാണല്ലോ കര്‍മ്മയോഗത്തിന്റെ മര്‍മ്മം. വിവേകാനന്ദ സ്വാമിയുടേയും മഹാത്മാഗാന്ധിയുടേയും വിനോബാ ഭാവയുടേയും പ്രവര്‍ത്തനങ്ങളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട കിസാന്‍ ബാബുറാവ് ഹസാരെ ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ നമ്മുടെ പ്രത്യാശയാണ്. 13 ദിവസങ്ങള്‍ നീണ്ടുനിന്ന അണ്ണാ സമരത്തില്‍ ഭാരതത്തിലെമ്പാടും ജനലക്ഷങ്ങള്‍ തെരുവിലിറങ്ങി പ്രകടനം നടത്തി. എന്നാല്‍ കല്ലേറോ, പൊതുമുതല്‍ നശീകരണമോ ഉണ്ടായില്ല. സമരം സത്യമെങ്കില്‍ ഹിംസയ്‌ക്കും അക്രമത്തിനും സ്ഥാനമില്ല എന്ന പാഠമെങ്കിലും മുഖ്യധാരാ രാഷ്ട്രീയക്കാര്‍ പഠിക്കുമോ..?
കടപ്പാട് : ഗുരുദേവന്‍ മാസിക
No comments:
Post a Comment